പെട്രോള്‍ വില 25 രൂപ കുറയ്ക്കാനാവും, ഒന്നോ രണ്ടോ കുറച്ച് ജനങ്ങളെ പറ്റിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന് ചിദംബരം

പെട്രോള്‍ വില 25 രൂപ കുറയ്ക്കാനാവും, ഒന്നോ രണ്ടോ കുറച്ച് ജനങ്ങളെ പറ്റിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന് ചിദംബരം
പെട്രോള്‍ വില 25 രൂപ കുറയ്ക്കാനാവും, ഒന്നോ രണ്ടോ കുറച്ച് ജനങ്ങളെ പറ്റിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നെന്ന് ചിദംബരം

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് ഇരുപത്തിയഞ്ചു രൂപയെങ്കിലും കുറയ്ക്കാമെന്നിരിക്കെ ഒന്നോ രണ്ടോ രൂപ കുറവു വരുത്തി ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം. രാജ്യാന്തര വിപണിയിലെ ഇപ്പോഴത്തെ വില അനുസരിച്ച് ലിറ്ററിന് ഇരുപത്തിയഞ്ചു രൂപ കുറയ്ക്കാവുന്നതേയുള്ളൂവെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.

രാജ്യാന്തര വിപണിയിലെ വില അനുസരിച്ച് പെട്രോള്‍ ലിറ്ററിന് 15 രൂപ കുറയ്ക്കാം. നികുതിയിനത്തില്‍ പത്തു രൂപ കൂടി കുറച്ചാല്‍ ആകെ വിലയില്‍ ഇരുപത്തിയഞ്ചു രൂപയുടെ കുറവു വരും. ഇതാണ് വിലയുടെ വസ്തുത. എന്നാല്‍ സര്‍ക്കാര്‍ അതു ചെയ്യില്ല. അവര്‍ ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ പറ്റിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തി.

ഇന്ധന വില വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചിദംബരത്തിന്റെ പ്രതികരണം. വില വര്‍ധന തടയാന്‍ എക്‌സൈസ് തീരുവയില്‍ കുറവു വരുത്താന്‍ പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എണ്ണ കമ്പനി ഉടമകളുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കര്‍ണാടക തെരഞ്ഞെടുപ്പു കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മരവിപ്പിച്ചു നിര്‍ത്തിയിരുന്ന ഇന്ധന വില തെരഞ്ഞെടുപ്പിനു ശേഷം കുതിച്ചു കയറുകയാണ്. തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ രണ്ടുരൂപയിലേറെയാണ്, പ്രതിദിന വില മാറ്റത്തില്‍ എണ്ണ കമ്പനികള്‍ വര്‍ധന വരുത്തിയത്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നും അഞ്ചു രൂപയുടെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com