18 വവ്വാലുകള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ചത്ത നിലയില്‍; നിപ്പ വൈറസ് ഭീതിയില്‍ ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശിലെ നഹന്‍ ജില്ലയിലുള്ള ബര്‍മ പപ്രി സ്‌കൂളിലാണ് 18 വവ്വാലിനെ ചത്തനിലയില്‍ കണ്ടെത്തിയത്
18 വവ്വാലുകള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ചത്ത നിലയില്‍; നിപ്പ വൈറസ് ഭീതിയില്‍ ഹിമാചല്‍ പ്രദേശ്

കേരളത്തില്‍ പതിനൊന്ന് പേര്‍ നിപ്പ വൈറസ് ബാധിച്ച് മരിച്ചതോടെ മറ്റ് സംസ്ഥാനങ്ങളും ആശങ്കയിലായിരിക്കുകയാണ്. നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകളും എല്ലാ സംസ്ഥാനങ്ങളും സ്വീകരിക്കുന്നുണ്ട്. അതിനിടയില്‍ ഹിമാചല്‍ പ്രദേശിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സര്‍ക്കാര്‍ സ്‌കൂളില്‍ ചത്ത വവ്വാലിനെ കണ്ടെത്തി. നിപ്പ വൈറസിന് പിന്നില്‍ വവ്വാലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന പശ്ചാത്തലത്തിലാണിത്. 

ഹിമാചല്‍ പ്രദേശിലെ നഹന്‍ ജില്ലയിലുള്ള ബര്‍മ പപ്രി സ്‌കൂളിലാണ് 18 വവ്വാലിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്. നിപ്പയെക്കുറിച്ചുള്ള ആശങ്കകള്‍ പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പും അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റും സ്‌കൂളില്‍ എത്തി ചത്ത വവ്വാലില്‍ നിന്ന് സാംപിള്‍സ് എടുത്തൂ.

എല്ലാ വര്‍ഷവും മേഖലയില്‍ വവ്വാലുകള്‍ എത്താറുണ്ടെന്നും എന്നാല്‍ ഈ വര്‍ഷം വവ്വാലുകളുടെ എണ്ണം വളരെ അധികം കൂടുതലായിരുന്നെന്നും ജില്ലയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജയ് ശര്‍മ പറഞ്ഞു. നിപ്പ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തില്‍ കുട്ടികളേയും അധ്യാപകരേയും ബോധവല്‍ക്കരിക്കുകയാണ് ആരോഗ്യ വകുപ്പ്. നിപ്പ വൈറസ് ബാധിച്ചാലുണ്ടാകുന്ന രോഗ ലക്ഷണങ്ങളെക്കുറിച്ചും അത് തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇവരെ അറിയിച്ചതായി സഞ്ജയ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com