തമിഴ്‌നാട്ടില്‍ നാളെ ബന്ദ്; സ്റ്റാലിന്‍ അറസ്റ്റില്‍

നിരോധനാജ്ഞ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. സമരത്തിനിടെ പാര്‍ട്ടി നേതാക്കളുമൊത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്‌
തമിഴ്‌നാട്ടില്‍ നാളെ ബന്ദ്; സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരയെുണ്ടായ പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ച ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ അറസ്റ്റില്‍. നിരോധനാജ്ഞ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. സമരത്തിനിടെ പാര്‍ട്ടി നേതാക്കളുമൊത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ സ്റ്റാലിനെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്യുകയായിരുന്നു.


സ്റ്റാലിന്റെ അറസ്റ്റിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സ്റ്റാലിനെയും മറ്റുനേതാക്കളെയും കൊണ്ടുപോയ വാന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. വെടിവയ്പ്പില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പളനിസ്വാമിയും ഡിജിപി ടി.കെ. രാജേന്ദ്രനും രാജിവയ്ക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കളക്ടര്‍ക്കും എസ്പിക്കും എതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതിനെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന തൂത്തുക്കുടിയിലെ മലിനീകരണശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പ്രക്ഷോഭകരെ വെടിവെച്ചു വീഴ്ത്തിയ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നാളെ ബന്ദ് ആചരിക്കും. ഡിഎംകെയും മറ്റ് പ്രതിപക്ഷ കക്ഷികളുമാണ് വെള്ളിയാഴ്ച പ്രഭാതം മുതല്‍ പ്രദോഷം വരെ ബന്ദിനാഹ്വാനം ചെയ്തിട്ടുള്ളത്. ഡി എം കെ, കോണ്‍ഗ്രസ്, ദ്രാവിഡാര്‍ കഴകം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം,സിപി ഐ , സിപി എം, മുസ്ലിംലീഗ്, തുടങ്ങിയ കക്ഷികളാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബന്ദ് തമിഴ് വികാരം പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് ഡി എം കെ പത്രക്കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, തൂത്തുക്കുടി,കന്യാകുമാരി,തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വേദാന്ത കമ്പനിക്കെതിരെ നടക്കുന്ന സമരത്തില്‍ ദിനം പ്രതി ജനപങ്കാളിത്തം കൂടി വരുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നടപടി.
അതിനിടെ പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിച്ഛേദിച്ചു. ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതുവരെ ഉത്പാദനം നിര്‍്ത്തിവയ്ക്കണമെന്ന ആവശ്യം നടപ്പിലാക്കത്തിതിനാണ് നടപടി.

തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍പ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com