പതിനെട്ടുകാരിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയുന്നതിനെച്ചൊല്ലി തര്‍ക്കം: കശ്മീരിലെ വിവാദ സൈനികന്‍ കസ്റ്റഡിയില്‍

കശ്മീര്‍ സംഘര്‍ഷത്തിനിടെ യുവാവിനെ സൈനിക വാഹനത്തിന്റെ ബോണറ്റില്‍ ചേര്‍ത്തുകെട്ടി വിവാദത്തിലായ മേജര്‍ നിതിന്‍ ലീതുല്‍ ഗോഗൊയിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
പതിനെട്ടുകാരിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയുന്നതിനെച്ചൊല്ലി തര്‍ക്കം: കശ്മീരിലെ വിവാദ സൈനികന്‍ കസ്റ്റഡിയില്‍

ശ്രീനഗര്‍: ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നതിനെച്ചൊല്ലി ഹോട്ടല്‍ അധികൃതരുമായി തര്‍ക്കത്തിലേര്‍പ്പെട്ട സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍. കശ്മീര്‍ സംഘര്‍ഷത്തിനിടെ യുവാവിനെ സൈനിക വാഹനത്തിന്റെ ബോണറ്റില്‍ ചേര്‍ത്തുകെട്ടി വിവാദത്തിലായ മേജര്‍ നിതിന്‍ ലീതുല്‍ ഗോഗൊയിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പതിനെട്ട് വയസായ പെണ്‍കുട്ടിക്കൊപ്പമാണ് ഗോഗൊയ് ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയത്. ഇത് ജീവനക്കാര്‍ തടഞ്ഞതോടെ തര്‍ക്കമുണ്ടാവുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു മേജര്‍ രണ്ട് പേര്‍ക്ക് താമസിക്കാനായുള്ള മുറി ബുക്ക് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പെണ്‍കുട്ടിക്കും ഡ്രൈവര്‍ക്കുമൊപ്പം ഗോഗൊയ് ഹോട്ടലിലെത്തി. എന്നാല്‍ പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കാനാകില്ല എന്ന നിലപാടിലായിരുന്നു ഹോട്ടല്‍ അധികൃതര്‍.

ഇതേത്തുടര്‍ന്ന് മേജര്‍ ജീവനക്കാര്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു. ഒരു മീറ്റിങ്ങിനായിട്ടാണു വന്നതെന്നായിരുന്നു മേജറിന്റെ നിലപാട്. വാക്കേറ്റം സംഘര്‍ഷത്തിലേക്കു നീങ്ങിയതോടെ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി മേജറിനെയും ഡ്രൈവറിനെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. സൈനികമേധാവികളെ വിവരമറിയിക്കുകയും ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷംമാത്രം വിഷയത്തില്‍ പ്രതികരിച്ചാല്‍ മതിയെന്നാണു സൈന്യത്തിന്റെ നിലപാട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com