കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയില്ലെങ്കില്‍ 28ന് കര്‍ണാടക ബന്ദെന്ന് ബിജെപി; താളത്തിനൊത്ത് തുള്ളാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കുമാരസ്വാമി സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ 28ന് ബന്ദ് നടത്തുമെന്ന് ബിജെപി
കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയില്ലെങ്കില്‍ 28ന് കര്‍ണാടക ബന്ദെന്ന് ബിജെപി; താളത്തിനൊത്ത് തുള്ളാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ്

ബെംഗലൂരു: കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കുമാരസ്വാമി സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ 28ന് ബന്ദ് നടത്തുമെന്ന് ബിജെപി. വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പാണ് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ കോണ്‍ഗ്രസ്-ജെഡിഎസ് മുന്നണിക്ക് മുന്നറിയിപ്പ് നല്‍കിയത്. 

എന്നാല്‍ യെദ്യൂരപ്പയുടെ പ്രസംഗത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിക്ക് പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്യാന്‍ കഴിയില്ലെന്നും എന്തെങ്കിലും ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ബിജെപി കാരണമാകുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. തങ്ങളുടേത് ഉത്തരവാദിത്തമുള്ള സര്‍ക്കാരാണെന്നും ബിജെപിയുടെ ആഗ്രങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയുടെ ബഹിഷ്‌കണത്തിനിടെ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണെന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് കുമാരസ്വാമി പിതാവ് ദേവഗൗഡയോട് മാപ്പു പറഞ്ഞു. പിതാവിനെപ്പോലെ മതേതര നിലപാടുകളുമായി മുന്നോട്ടുപോവാനാണ് ആഗ്രഹിക്കുന്നതെന്ന് കുമാരസ്വാമി വ്യക്തമാക്കി.

ബിജെപിയുമായി ചേരാനുള്ള തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ബിജെപി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണെന്നും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചതിന് കുമാരസ്വാമി കോണ്‍ഗ്രസിനു നന്ദി പറഞ്ഞു.

ഈ ജനവിധി ബിജെപിക്ക് അനുകൂലമാണെന്ന് അവര്‍ പറയുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. 2004ഉം സമാനമായ സാഹചര്യമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്ക് എന്നും മുന്‍ഗണന കൊടുത്തുകൊണ്ടാണ് താനും തന്റെ പിതാവും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് കുമാരസ്വാമി പറഞ്ഞു. എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയതില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനു ഖേദിക്കേണ്ടി വരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് യെദ്യൂരപ്പ പറഞ്ഞു. കുമാരസ്വാമിയുമായി നേരത്തെ സഖ്യമുണ്ടാക്കിയതില്‍ ബിജെപിക്കു ഖേദമുണ്ട്. ഇതേപോലെ ശിവകുമാറിനും ഖേദിക്കേണ്ടിവരുമെന്് യെദ്യൂരപ്പ പറഞ്ഞു. ജനതാദള്‍ വഞ്ചകരാണ്. തന്റെ പോരാട്ടം ജനതാ ദളിന് എതിരെയാണെന്ന് യെദ്യൂരപ്പ പറഞ്ഞു.117 അംഗങ്ങളുടെ പിന്തുണയാണ് സഭയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. 104 പേര്‍ ബിജെപിയെ പിന്തുണയ്ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com