19ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഡോക്ടര്‍മാര്‍; സംഭവം ഡല്‍ഹിയില്‍ 

ഡല്‍ഹിയില്‍ മൂന്നാഴ്ച മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
19ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഡോക്ടര്‍മാര്‍; സംഭവം ഡല്‍ഹിയില്‍ 

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാഴ്ച മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് 19ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ശസ്ത്രക്രിയ നടന്നത്. വിജയകരമായിതീര്‍ന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച കുട്ടികള്‍ക്കായുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. 

ഏപ്രില്‍ 10-ാം തിയതിയാണ് കുഞ്ഞിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അസാധാരണമായ ഒരു ഹൃദ്രോഗാവസ്ഥയിലൂടെയാണ് ഈ കുഞ്ഞ് നീങ്ങിയിരുന്നത്. ശ്വാസകോശത്തില്‍ നിന്നുള്ള ഓക്‌സിജന്‍ കലര്‍ന്ന രക്തം ഹൃദയത്തിലേക്ക് എത്തുന്നില്ലായിരുന്നെന്നതാണ് രോഗാവസ്ഥ.

'ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ജീവവായു അടങ്ങിയ രക്തം ഹൃദയത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കുട്ടിയുടെ കാര്യത്തില്‍ കരളിലേക്ക് പോകുന്ന ഒരു രക്തധമനിയിലൂടെ ഈ രക്തം ഒഴികിപോകുകയായിരുന്നു. ഇതുകൊണ്ടുതന്നെ കുട്ടിയുടെ ശ്വാസകോശത്തില്‍ അധിക സമ്മര്‍ദ്ദം ഉണ്ടായികൊണ്ടിരുന്നു', കുട്ടികളുടെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ മുത്തു ജ്യോതി പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോഴും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും 2.2കിലോ മാത്രമായിരുന്നു കുട്ടിയുടെ ഭാരമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

താല്‍കാലികമായി ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഏറ്റെടുക്കുന്ന ഹാര്‍ട്ട്-ലങ് മെഷീന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ ശരീരത്തിലെ രക്തധമനികള്‍ ശരിയായ ക്രമത്തില്‍ ചിട്ടപ്പെടുത്തിയതിന് ശേഷം സാവധാനം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പുനസ്ഥാപിക്കുകയായിരുന്നു. ഹൃദയാരോഗ്യം പൂര്‍ണമായും വീണ്ടെടുത്ത കുട്ടി ആരോഗ്യപരമായും ഓരോ ദിവസവും മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ ശരീരഭാരം വേണ്ടവിധം ഉയരുന്നുണ്ടെന്നും കുഞ്ഞ് ആരോഗ്യവതിയാണെന്നും ഇവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com