ആവശ്യമായ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും; ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തില്‍ വിളളല്‍ വീഴ്ത്തി മായാവതി 

ബിജെപി വിരുദ്ധ വിശാലസഖ്യത്തിന് മുഖ്യധാര പാര്‍ട്ടികള്‍ കോപ്പുകൂട്ടുമ്പോള്‍, കല്ലുകടിയായി ബിഎസ്പി നിലപാട്
 ആവശ്യമായ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കും; ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തില്‍ വിളളല്‍ വീഴ്ത്തി മായാവതി 

ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ വിശാലസഖ്യത്തിന് മുഖ്യധാര പാര്‍ട്ടികള്‍ കോപ്പുകൂട്ടുമ്പോള്‍, കല്ലുകടിയായി ബിഎസ്പി നിലപാട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ലായെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി മുന്നറിയിപ്പ് നല്‍കി. ന്യായമായ സീറ്റുകള്‍ പാര്‍ട്ടിക്ക് നല്‍കണം. ഒരു കുടുംബത്തെ മാത്രം കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നതായുളള പ്രചരണം ദൗര്‍ഭാഗ്യകരമാണെന്നും മായാവതി തുറന്നടിച്ചു.

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിന് മണിക്കൂര്‍ മാത്രം അവശേഷിക്കേയാണ് മായാവതിയുടെ പ്രതികരണം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ബിഎസ്പിയും എസ്പിയും ഒന്നിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈ കൂട്ടുകെട്ട് പ്രതിഫലിച്ചു. ഇതിന്റെ ചുവടുപിടിച്ച് ബിജെപിയെ ചെറുക്കാന്‍ കര്‍ണാടകയിലും സമാനമായ സഖ്യനീക്കം പരീക്ഷിച്ചു വിജയിച്ചു. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യമാണ് കര്‍ണാടക ഭരിക്കുന്നത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന കാഹളവും ദേശീയ രാഷ്ട്രീയത്തില്‍ മുഴങ്ങി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യനിര എന്ന സ്വപ്‌നത്തിന് കരിനിഴല്‍ വീഴ്ത്തി മായാവതിയുടെ പ്രതികരണം പുറത്തുവന്നത്. 

വ്യത്യസ്ത താത്പര്യങ്ങളും ലക്ഷ്യങ്ങളുമുളള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ദുഷ്‌കരമാണ് എന്ന് ബിജെപി വാദിക്കുന്നു. സീറ്റുകളുടെ വീതംവയ്പ്പ് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം മൂത്ത് സഖ്യം വേര്‍പിരിയുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഇതിന് ശക്തിപകരുന്നതാണ് മായാവതിയുടെ വാക്കുകള്‍. അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ബിഎസ്പിയുടെ നിലപാട് ബിജെപി വിരുദ്ധ വിശാല സഖ്യത്തിന്റെ ശക്തി ചോര്‍ത്തുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വിശാല സഖ്യത്തിന്റെ കെട്ടുറപ്പ് സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ് മായാവതിയുടെ അഭിപ്രായപ്രകടനമെന്നും ഇവര്‍ വാദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com