'രുദ്രമ്മ, തമിഴ്‌നാട്ടില്‍ വരുമ്പോള്‍ എനിക്ക് ദോശയുണ്ടാക്കിത്തരുമോ?'; തമിഴ് വീട്ടമ്മയെ ഞെട്ടിച്ച് പ്രധാനമന്ത്രി

പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ച് നേരിട്ടറിയാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ വീട്ടമ്മകളുമായി സംവാദം നടത്തിയത്
'രുദ്രമ്മ, തമിഴ്‌നാട്ടില്‍ വരുമ്പോള്‍ എനിക്ക് ദോശയുണ്ടാക്കിത്തരുമോ?'; തമിഴ് വീട്ടമ്മയെ ഞെട്ടിച്ച് പ്രധാനമന്ത്രി

തമിഴ്‌നാട്ടില്‍ വരുമ്പോള്‍ തനിക്ക് ദോശയുണ്ടാക്കിത്തരുമോ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ചോദ്യം കേട്ട് രുദ്രമ്മ ഒന്ന് ഞെട്ടി. എന്നാല്‍ ഉടനെത്തി ഉത്തരം ഉറപ്പായിട്ടും, താങ്കള്‍ എന്തായാലും വരണം. പ്രധാമന്ത്രിയുടെ ഉജ്വല്‍ യോജന പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുമായി നമോ ആപ്പ് വഴി നടത്തിയ സംഭാഷത്തിലാണ് തമിഴ് വീട്ടമ്മയെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ചോദ്യമെത്തിയത്. 

മോദി സര്‍ക്കാരിന്റെ ക്ഷേമപദ്ധതിയായ ഉജ്വല്‍ യോജനയില്‍ ദരിദ്ര കുടുംബങ്ങളില്‍ എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ച് നേരിട്ടറിയാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ വീട്ടമ്മകളുമായി സംവാദം നടത്തിയത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചിട്ട് എങ്ങനെയുണ്ടെന്നാണ് കൃഷ്ണഗിരി ഗ്രാമത്തിലുള്ള രുദ്രമ്മയോട് പ്രധാനമന്ത്രി ചോദിച്ചത്. 

നേരത്തെ ഞാന്‍ വിറകടുപ്പിലാണ് പാചകം ചെയ്തിരുന്നതെന്നും ഇപ്പോള്‍ പാചകം എളുപ്പമായെന്നും രുദ്രമ്മ മറുപടി നല്‍കി. സിലിണ്ടര്‍ കിട്ടുന്നതിന് മുന്‍പ് ദോശയും ഇഡലിയും പാകം ചെയ്യുമായിരുന്നോ എന്നായിരുന്നു മോദിയുടെ അടുത്ത ചോദ്യം. നേരത്തെ നല്ല ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാ ഭക്ഷണവും വേഗത്തില്‍ തയ്യാറാക്കാന്‍ പറ്റുമെന്ന് രുദ്രമ്മ പറഞ്ഞു. ഇതിന് ശേഷമാണ് രുദ്രമ്മയെ ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ വരുമ്പോള്‍ ദോശ ഉണ്ടാക്കിക്കൊണ്ട് തരുമോ എന്ന് ചോദിച്ചത്. ഇതിന് നിറഞ്ഞ ചിരിയോടെ രുദ്രമ്മ സമ്മതം അറിയിച്ചു. തമിഴിലാണ് രുദ്രമ്മ സംസാരിച്ചത്. പരിഭാഷകന്റെ സഹായത്തോടെയായിരുന്നു സംവാദം. 

കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 10 കോടി പുതിയ എല്‍പിജി കണക്ഷനുകളാണ് നല്‍കിയതെന്നും മോദി പറഞ്ഞു. 2014 വരെ 13 കോടി ആളുകള്‍ക്ക് മാത്രമായിരുന്നു എല്‍പിജി ഗ്യാസ് കണക്ഷന്‍ ഉണ്ടായിരുന്നത്. സമുഹ്യ ശാക്തീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയായി ഉജ്വല്‍ യോജന മാറിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചെറുപ്പകാലത്ത് സമ്പന്നര്‍ക്ക് മാത്രമായിരുന്നു ഗ്യാസ് കണക്ഷന്‍ ഉണ്ടായിരുന്നത്. തന്റെ മാതാവ് പുകയടുപ്പിന് മുന്നിലിരുന്ന് സഹിച്ച കഷ്ടപ്പാടുകളാണ് ഉജ്വല്‍ യോജന എന്ന പദ്ധതി നടപ്പിലാക്കാന്‍ പ്രചോദനമായതെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com