ജയിലുകള്‍ നിറഞ്ഞുകവിയുന്നതിന് പരിഹാരം; പണമില്ലാത്തതുമൂലം മോചനം സാധ്യമാകാത്ത വിചാരണത്തടവുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ 

ചെറിയ ജാമ്യത്തുക കെട്ടിവെക്കാന്‍ ഇല്ലാത്തതു മൂലം ജയിലില്‍ തുടരേണ്ടി വരുന്ന പാവപ്പെട്ട വിചാരണത്തടവുകാരുടെ ജാമ്യത്തുക സര്‍ക്കാര്‍ കൊടുക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്
ജയിലുകള്‍ നിറഞ്ഞുകവിയുന്നതിന് പരിഹാരം; പണമില്ലാത്തതുമൂലം മോചനം സാധ്യമാകാത്ത വിചാരണത്തടവുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകള്‍ നിറഞ്ഞു കവിയുന്നതിനു പരിഹാരവുമായി കേന്ദ്ര സര്‍ക്കാര്‍. ചെറിയ ജാമ്യത്തുക കെട്ടിവെക്കാന്‍ ഇല്ലാത്തതു മൂലം ജയിലില്‍ തുടരേണ്ടി വരുന്ന പാവപ്പെട്ട വിചാരണത്തടവുകാരുടെ ജാമ്യത്തുക സര്‍ക്കാര്‍ കൊടുക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. പണമില്ലാത്തതുമൂലം വര്‍ഷങ്ങളായി ജയിലില്‍ കഴിയേണ്ടിവരുന്ന ആയിരകണക്കിന് തടവുകാരെ ഇതുവഴി മോചിപ്പിക്കാനാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി പ്രത്യേക ഫണ്ട് കണ്ടെത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. 

പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ജയിലുകളില്‍ കഴിയുന്ന 11,916സ്ത്രീ വിചാരണ തടവുകാരുടെ ബെയില്‍ തുക നിയമ മന്ത്രാലയം ഏറ്റെടുത്തു. 2015ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പ്രിസണ്‍ സ്റ്റാറ്റിക്‌സ് പ്രകാരം മൂന്ന് ലക്ഷത്തോളം വിചാരണതടവുകാര്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 62,669പേരും യുപിയിലെ ജയിലുകളിലാണ്. 

ജാമ്യം എടിക്കാന്‍ കാശില്ലാതെ ജയിലില്‍ കിടക്കുന്ന ഇത്തരം തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച പ്രസ്താവന സംസ്ഥാനങ്ങളിലേക്ക് അയച്ചുകഴിഞ്ഞെന്നും അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു വര്‍ഷത്തിലധികം വിചാരണതടവുകാരായി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. 

പെറ്റി കേസുകള്‍ക്ക് 500മുതല്‍ 5000വരെയാണ് ബയില്‍ ചാര്‍ജുകള്‍ അടയ്‌ക്കേണ്ടിവരിക എന്നാല്‍ ഇത് അടയ്ക്കാന്‍ കഴിയാത്ത നിരവധിപേര്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും 4000ത്തിലധികം പേര്‍ക്ക് വിചാരണതടവുകാരായി അഞ്ചുവര്‍ഷത്തിലധികം ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ടെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജയിലുകള്‍ തിങ്ങിനിറയുന്നതില്‍ ഈ വര്‍ഷം ആദ്യം സുപ്രിം കോടതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com