' നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞങ്ങള്‍ നിയമിക്കാം'; കോടതികളില്‍ ജഡ്ജിമാരില്ലാത്തതിനെതിരെ സുപ്രിംകോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st November 2018 12:48 PM |
Last Updated: 01st November 2018 12:51 PM | A+A A- |

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കോടതികളില്‍ ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് നിയമനം വൈകിപ്പിക്കുന്നതതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ നിയമനം ഇനിയും വൈകിക്കാനാണ് ഉദ്ദേശമെങ്കില്‍ കേന്ദ്രീകൃത നിയമനമാക്കുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവ് നികത്താന്‍ സംസ്ഥാന സര്‍ക്കാരുകളും ഹൈക്കോടതികളും സ്വീകരിച്ച നടപടികളുടെ വിശദ വിവരമടങ്ങിയ തത്സ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. ഡല്‍ഹി ഹൈക്കോടതിക്ക് കീഴില്‍ മാത്രം 200 ജഡ്ജിമാരുടെ ഒഴിവുകളാണ് ഉള്ളത്.
മതിയായ ജഡ്ജിമാരില്ലാത്തതിനാല്‍ സിവില്‍ കേസുകളില്‍ രണ്ട് തലമുറ കഴിഞ്ഞാണ് പലപ്പോഴും കേസ് എടുക്കുന്നതെന്നും ക്രിമിനല്‍ കേസുകളിലെ കുറ്റാരോപിതര്‍ പലപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കേണ്ടി വരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഇത് ഗുരുതര പ്രശ്‌നമാണെന്നും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
5133 ജഡ്ജിമാരുടെ ഒഴിവുകള്‍ രാജ്യത്താകമാനമായി ഉണ്ടെന്നും ഇതില്‍ 4180 പോസ്റ്റുകളിലേക്കുള്ള നിയമനം നടന്നു കൊണ്ടിരിക്കുകയാണെന്നുമാണ് കോടതിയില്‍ ഉള്ള രേഖകള്‍ കാണിക്കുന്നത്. എന്നാല്‍ ഈ വിവരത്തില്‍ അടിസ്ഥാനപരമായി പിശകുണ്ടെന്ന് സുപ്രിം കോടതി കണ്ടെത്തി. 5133 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളപ്പോള്‍ മുഴുവന്‍ പോസ്റ്റുകളിലേക്കുള്ള നിയമന നടപടികള്‍ ആരംഭിക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.