മോദിക്കെതിരെ വിശാല സഖ്യ നീക്കവുമായി നായിഡു; കോണ്‍ഗ്രസും തെലുങ്കുദേശവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം

ബിജെപിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും തീരുമാനിച്ചു
മോദിക്കെതിരെ വിശാല സഖ്യ നീക്കവുമായി നായിഡു; കോണ്‍ഗ്രസും തെലുങ്കുദേശവും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 

ബിജെപിയുടെ പരാജയവും ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇരുപാര്‍ട്ടികളും പരസ്പരം സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ തലത്തിലാണോ സഹകരണം എന്ന ചോദ്യത്തിന് അതെല്ലാം പിന്നിട് ഘട്ടംഘട്ടമായി അറിയിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. രാജ്യത്തിന്റെ ഭാവിയെയും ജനാധിപത്യത്തെയും കണക്കിലെടുത്ത് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വിഷയത്തില്‍ ടിഡിപിക്ക് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. റാഫേല്‍ പോലുളള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പമാണ് ടിഡിപിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ബിജെപിക്കെതിരെ വിശാല മുന്നണിയെ അണിനിരത്താനുളള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ലക്ഷ്യമിട്ടാണ് ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ എത്തിയത്. ഇതിന്റെ ഭാഗമായി എന്‍സിപി നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഫാറൂഖ് അബ്ദുളള എന്നിവരുമായി നായിഡു കൂടിക്കാഴ്ച നടത്തി. ജനാധിപത്യവും രാജ്യത്തെയും സംരക്ഷിക്കാന്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സമ്മേളനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com