റഫാല്‍ : വില വിവരം പൂര്‍ണമായി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ;  'വെളിപ്പെടുത്തല്‍ ശത്രുരാജ്യങ്ങള്‍ക്ക് സഹായമാകും'

റഫാല്‍ വിലവിവരം പൂര്‍ണമായും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കും
റഫാല്‍ : വില വിവരം പൂര്‍ണമായി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ;  'വെളിപ്പെടുത്തല്‍ ശത്രുരാജ്യങ്ങള്‍ക്ക് സഹായമാകും'

ന്യൂഡല്‍ഹി : റഫാല്‍ യുദ്ധ വിമാനത്തിന്റെ വിലവിവരം പൂര്‍ണമായും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. അടിസ്ഥാന വില മാത്രമേ കോടതിക്കും നല്‍കാനാകൂ. വിശദവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായമാകുമെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. 

റഫാല്‍ കേസ് പരിഗണിച്ച സുപ്രിംകോടതി ഇന്നലെ വില വിവരങ്ങള്‍ അടക്കം കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് ഉത്തരവ് നല്‍കിയിരുന്നു. ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യങ്ങള്‍ നല്‍കാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചപ്പോഴാണ് വില വിവരങ്ങള്‍ അടക്കം മുദ്ര വെച്ച കവറില്‍ പത്തുദിവസത്തിനകം കോടതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. 

റഫാലിലെ ഇന്ത്യന്‍ പങ്കാളിയായ റിലയന്‍സിന്റെ പങ്ക് അടക്കം വെളിപ്പെടുത്തണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഫാല്‍ ഇടപാടിന്റെ തീരുമാനങ്ങളിലേക്കെത്തിയതിന്റെ വിശദാംശങ്ങള്‍, സാങ്കേതിക വിശദാംശങ്ങള്‍ അടക്കം വെളിപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, മനോഹര്‍ ലാല്‍ ശര്‍മ്മ തുടങ്ങിയവരാണ് റഫാല്‍ ഇടപാടിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com