അനില്‍ അംബാനിയുടെ കമ്പനിയില്‍ ദാസോ വേറെയും നിക്ഷേപം നടത്തി; റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സില്‍ നിക്ഷേപിച്ചത് 334  കോടി രൂപ

നിഷ്‌ക്രിയ കമ്പനിയാണ് റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സ്. ദസോയുടെ നിക്ഷേപത്തിലൂടെ കമ്പനി 284 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
അനില്‍ അംബാനിയുടെ കമ്പനിയില്‍ ദാസോ വേറെയും നിക്ഷേപം നടത്തി; റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സില്‍ നിക്ഷേപിച്ചത് 334  കോടി രൂപ

ന്യൂഡല്‍ഹി:  റഫേല്‍ വിവാദം പുകയുന്നതിനിടെ റിലയന്‍സുമായി ദസോ നടത്തിയ മറ്റൊരു ഇടപാടിന്റെ വിവരങ്ങള്‍ കൂടി പുറത്ത്. അനില്‍ അംബാനിയുടെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സില്‍ 334 കോടി രൂപ ദസോ നിക്ഷേപിച്ചതിന്റെ രേഖകള്‍ ദേശീയ മാധ്യമമായ  'ദി വയര്‍' ആണ് പുറത്ത് വിട്ടത്. നിഷ്‌ക്രിയ കമ്പനിയാണ് റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സ്. ദസോയുടെ നിക്ഷേപത്തിലൂടെ കമ്പനി 284 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

 ലിസ്റ്റ് ചെയ്യപ്പെട്ടിട്ട് പോലുമില്ലാത്ത ഒരു കമ്പനിയുമായി ഇത്രയും വലിയ തുകയുടെ കരാറിലേക്ക് ദസോ എങ്ങനെ എത്തിയെന്നത് സംശയമുയര്‍ത്തുന്നു. ദസോയുടെ വ്യാപാരവുമായി യാതൊരു ബന്ധവും റിലയന്‍സ് എയര്‍പോര്‍ട്ടിനില്ല. കമ്പനിയുടെ 34.7 ശതമാനം ഓഹരികള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ദസോയ്ക്ക് കൈമാറി. കൈമാറ്റത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 10 രൂപ മുഖവിലയുള്ള 24,83,923 ഓഹരികളില്‍ നിന്ന് 284.19 കോടി രൂപയുടെ ലാഭമുണ്ടായെന്നാണ് റിലയന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം 2017 മാര്‍ച്ചില്‍ 10.35 ലക്ഷം നഷ്ടത്തിലായിരുന്നു കമ്പനിയെന്നും 2016-17 സാമ്പത്തിക  വര്‍ഷം ഒരു രൂപ പോലും വരുമാനം ഉണ്ടാക്കിയിട്ടില്ലെന്നും 9 ലക്ഷം രൂപയുടെ കടത്തിലാണെന്നും റിലയന്‍സ് തന്നെ ബോധിപ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ട്. 

 റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് പ്രോജക്ടിനായി നല്‍കിയ 289 ഏക്കര്‍ ഭൂമി  മഹാരാഷ്ട്രാ എയര്‍പോര്‍ട്ട് ഡവലപ്‌മെന്റ് കൗണ്‍സില്‍ തിരികെ വാങ്ങി മറ്റൊരു കമ്പനിക്ക് ഇതേ വര്‍ഷം കൈമാറിയിരുന്നു.  ഈ ഭൂമി മഹാരാഷ്ട്രാ എയര്‍പോര്‍ട്ട് ഡവലപ്‌മെന്റ് കൗണ്‍സിലില്‍ നിന്ന് വാങ്ങുന്നതിനായി അന്ന് ചിലവായ 63 കോടി രൂപ ദസോയാണ് നല്‍കിയതെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com