എബിവിപിയുടെ വിലക്ക്; രാമചന്ദ്ര ഗുഹ പിന്മാറി, ഗാന്ധിജിയുടെ ആശയചൈതന്യം സ്വന്തം നാട്ടില്‍ സജീവമാകട്ടെ

എന്റെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളാണ് അഹമ്മദാബാദ് സര്‍വകലാശാലയില്‍ നടക്കുന്നത്
എബിവിപിയുടെ വിലക്ക്; രാമചന്ദ്ര ഗുഹ പിന്മാറി, ഗാന്ധിജിയുടെ ആശയചൈതന്യം സ്വന്തം നാട്ടില്‍ സജീവമാകട്ടെ

ന്യൂഡല്‍ഹി: എബിവിപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അഹമ്മദാബാദ് സര്‍വകലാശാലയില്‍ പഠിപ്പിക്കുവാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. രാമചന്ദ്ര ഗുഹയുടെ പിന്മാറ്റം തങ്ങളുടെ വിജയം എന്ന് പറഞ്ഞായിരുന്നു എബിവിപി ആഘോഷിച്ചത്. 

എന്റെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളാണ് അഹമ്മദാബാദ് സര്‍വകലാശാലയില്‍ നടക്കുന്നത്. മികച്ച വൈസ് ചാന്‍സലരും അധ്യാപകരും സര്‍വകലാശാലയിലുണ്ട്. ഗാന്ധിയുടെ ആശയ ചൈതന്യം അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ സജീവമാകുവാന്‍ ഇടയാവട്ടെ എന്നും പറഞ്ഞായിരുന്നു തന്റെ തീരുമാനം രാമചന്ദ്ര ഗുഹ വ്യക്തമാക്കിയത്. 

സര്‍വകലാശാലയിലെ ഗാന്ധി സ്‌കൂള്‍ ഡയറക്ടറായും, ഹ്യുമാനിറ്റീസ് വിഭാഗം പ്രൊഫസറായും രാമതന്ദ്ര ഗുഹയെ നിയമിക്കുന്നു എന്നായിരുന്നു സര്‍വകലാശാലയുടെ പ്രഖ്യാപനം. പ്രഖ്യാപനത്തിന് പിന്നാലെ എബിവിപി പ്രതിഷേധവുമായെത്തി. രാമചന്ദ്ര ഗുഹ ഇവിടേക്കെത്തിയാല്‍ ജെഎന്‍യുവിലെ പോലെ ദേശവിരുദ്ധ മനോഭാവം ഇവിടെയുമുണ്ടാകും, ഹിന്ദു സംസ്‌കാരത്തിന്റെ വിമര്‍ശകനാണ് രാമചന്ദ്ര ഗുഹ, വിഭാഗീയത പ്രവണതകള്‍ വളര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍ എന്ന വാദവും ഉന്നയിച്ചായിരുന്നു എബിവിപിയുടെ പ്രതിഷേധം. 

പിന്മാറുവാനുള്ള തീരുമാനം രാമചന്ദ്ര ഗുഹയുടേതാണെന്നും തങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്വം ഇല്ലെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്. സംഘപരിവാര്‍ ശക്തികളുടെ സമ്മര്‍ദ്ദത്തിന് സര്‍വകലാശാല വഴങ്ങുകയാണ് എന്ന വിമര്‍ശനവും രാമചന്ദ്ര ഗുഹയുടെ പിന്മാറ്റത്തിന് പിന്നാലെ അഹമ്മദാബാദ് സര്‍വകലാശാലയ്ക്ക് നേരെ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com