മറിച്ചുവില്‍ക്കാനായി കാല്‍ ലക്ഷം തിരുപ്പതി ലഡ്ഡു അടിച്ചുമാറ്റി; ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ കേസ്‌

കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനായി 26,000 തിരുപ്പതി ലഡ്ഡു മോഷ്ടിച്ച കേസില്‍ ക്ഷേത്ര ജീവനക്കാരായ 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചുള്ള ഗരുഡസേവയ്ക്കിടെയായിരുന്നു മോഷണം
മറിച്ചുവില്‍ക്കാനായി കാല്‍ ലക്ഷം തിരുപ്പതി ലഡ്ഡു അടിച്ചുമാറ്റി; ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ കേസ്‌

തിരുമല: കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനായി 26,000 തിരുപ്പതി ലഡ്ഡു മോഷ്ടിച്ച കേസില്‍ ക്ഷേത്ര ജീവനക്കാരായ 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചുള്ള ഗരുഡസേവയ്ക്കിടെയായിരുന്നു മോഷണം. ക്രമക്കേട് കാണിച്ചവരെ പിടികൂടുന്നതിനായി തിരുപ്പതി ദേവസ്വം ബോര്‍ഡ് വിജിലന്‍സിന്റെ സഹായം തേടിയിട്ടുണ്ട്. 

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഗരുഡസേവ നടക്കുന്ന ദിവസം കൗണ്ടറുകള്‍ വഴി ലഡ്ഡു വിതരണം ചെയ്യാനായിരുന്നു ക്ഷേത്രാധികാരികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗരുഡസേവാ പ്രദക്ഷിണം ആരംഭിച്ച അതേ സമയത്ത് കൗണ്ടറുകള്‍ വഴി ലഡ്ഡു വിതരണവും തുടങ്ങി. ഭക്തജനങ്ങള്‍ ഘോഷയാത്ര കാണുന്നതിന് പോയ സമയം മുതലെടുത്ത് വിതരണക്കൗണ്ടറില്‍ നിന്നിരുന്ന താത്കാലിക ജീവനക്കാര്‍ കരിഞ്ചന്തക്കാര്‍ക്ക് ലഡ്ഡു മറിച്ചുവിറ്റുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തതായും ബോര്‍ഡ് വ്യക്തമാക്കി. 

ജീവനക്കാര്‍ വിതരണം ചെയ്ത ലഡ്ഡുവിന്റെ കണക്കില്‍ കൃത്രിമം കാണിച്ചതായും ദേവസ്വം ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും വിജിലന്‍സ് അന്വേഷിച്ച് വരികയാണ്. കൗണ്ടറിന്റെ ചുമതല ബാങ്ക് ജീവനക്കാര്‍ക്കാണ് നല്‍കിയിരുന്നത്. 

ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനായി ലഡ്ഡു വിതരണം നേരിട്ടാക്കുമെന്നും സുതാര്യത ഉറപ്പുവരുത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പുറമേ നഷ്ടമായ തുക ഈടാക്കാനും തീരുമാനമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com