രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവരാന്‍ കഴിയും; ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രിംകോടതിയില്‍ കേസ് നടക്കുമ്പോഴും ഇത് സാധ്യമാണെന്നും ചെലമേശ്വര്‍ പറഞ്ഞു
രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവരാന്‍ കഴിയും; ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് ജസ്റ്റിസ് ചെലമേശ്വര്‍


ന്യൂഡല്‍ഹി : രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍. ക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്ന് ചെലമേശ്വര്‍ പറഞ്ഞു. സുപ്രിംകോടതിയില്‍ കേസ് നടക്കുമ്പോഴും ഇത് സാധ്യമാണെന്നും ചെലമേശ്വര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കവെയാണ്, ചെലമേശ്വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നിയമപരമായി അതിന് സാധ്യതയുണ്ട്. എന്നാല്‍ അത് സംഭവിക്കുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യം. സുപ്രിംകോടതി ഉത്തരവുകള്‍ മുമ്പും നിയമപരമായി മറികടന്നിട്ടുണ്ടെന്നും ചെലമേശ്വര്‍ സൂചിപ്പിച്ചു. കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ കര്‍ണാടക നിയമസഭ നിയമം പാസ്സാക്കിയതും, അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളും ചെലമേശ്വര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 


രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യം ശക്തമാക്കി ആര്‍എസ്എസ് ഇന്നലെ രംഗത്തു വന്നിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലാണ് ആര്‍എസ്എസ് നേതൃത്വം നിലപാട് കര്‍ക്കശമാക്കിയത്. 

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കില്‍ 92 ആവര്‍ത്തിക്കാന്‍ മടിക്കില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com