ഐശ്വര്യ റായിയോടൊപ്പം ഒത്തുപോകാനാവില്ല, ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വേര്‍പിരിയല്‍ ; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചു 

മെയ് 12 നായിരുന്നു തേജ് പ്രതാപും മുന്‍മന്ത്രിയുടെ മകളായ ഐശ്വര്യ റായിയുമായി വിവാഹം നടന്നത്
ഐശ്വര്യ റായിയോടൊപ്പം ഒത്തുപോകാനാവില്ല, ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വേര്‍പിരിയല്‍ ; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചു 

പാറ്റ്‌ന : രാജ്യം കൊണ്ടാടിയ ആര്‍ഭാട കല്യാണത്തിന്റെ ആയുസ്സ് ആറു മാസത്തിനകം തീരുന്നു. വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയ കാര്യം ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് സ്ഥിരീകരിച്ചു. പാറ്റ്‌ന കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. ശ്വാസം മുട്ടി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വേര്‍പിരിയുന്നതെന്നും തേജ് പ്രതാപ് ചോദിച്ചു. 

തേജ് പ്രതാപ് വിവാഹമോചന അപേക്ഷ സമര്‍പ്പിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ യശ്വന്ത് കുമാര്‍ ശര്‍മ്മയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മെയ് 12 നായിരുന്നു തേജ് പ്രതാപും ബീഹാര്‍ മുന്‍മന്ത്രിയുടെ മകളായ ഐശ്വര്യ റായിയുമായി വിവാഹം നടന്നത്.

ഐശ്വര്യ റായിയും മാതാപിതാക്കളും തേജ് പ്രതാപിന്റെ മാതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ കാണാനെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വിവരം അറിഞ്ഞ ലാലുപ്രസാദ്, അദ്ദേഹം കഴിയുന്ന റാഞ്ചി ജയിലിലേക്ക് തേജ് പ്രതാപിനെ വിളിച്ചു വരുത്തുകയും ചെയ്തു. 

വിവാഹ മോചന നീക്കത്തില്‍ നിന്നും തേജ് പ്രതാപിനെ പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമം തുടരുന്നതായാണ് റിപ്പോര്‍ട്ട്. മെയ് 12 നായിരുന്നു ആര്‍ഭാട പൂര്‍വം തേജ് പ്രതാപും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം നടന്നത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തുടങ്ങി നിരവധി പ്രമുഖര്‍ അടക്കം പതിനായിരക്കണക്കിന് അതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ജയിലിലായതോടെ, ലാലുവിന്റെ ഇളയ മകന്‍ തേജസ്വി യാദവാണ് ഇപ്പോള്‍ ആര്‍ജെഡിയുടെ തലപ്പത്ത്. തേജസ്വിക്ക് പാര്‍ട്ടിയുടെ ചുമതല നല്‍കിയതില്‍ ലാലുവുമായി അകല്‍ച്ചയിലാണ് തേജ് പ്രതാപ്. ഇതിനിടെ സിനിമാ രംഗത്തും തേജ് പ്രതാപ് ഒരു കൈ നോക്കുന്നുണ്ട്. രുദ്ര : ദ അവതാര്‍ എന്ന പുതിയ ഹിന്ദി സിനിമയുടെ പോസ്റ്റര്‍ ജൂണില്‍ തേജ് പ്രതാപ് പുറത്തുവിട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com