ഗ്രാമവാസിയെ ആക്രമിച്ച പെണ്‍കടുവയെ നാട്ടുകാര്‍ ട്രാക്ടര്‍ ഇടിപ്പിച്ച് കൊന്നു: പ്രതിഷേധവുമായി വന്യമൃഗ സംരക്ഷകര്‍

മഹാരാഷ്ട്രയില്‍ നരഭോജി കടുവയെന്ന് അറിയപ്പെട്ടിരുന്ന അവനി എന്ന പെണ്‍കടുവയെ വേട്ടക്കാര്‍ വെടിവച്ച് കൊന്നത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്.
ഗ്രാമവാസിയെ ആക്രമിച്ച പെണ്‍കടുവയെ നാട്ടുകാര്‍ ട്രാക്ടര്‍ ഇടിപ്പിച്ച് കൊന്നു: പ്രതിഷേധവുമായി വന്യമൃഗ സംരക്ഷകര്‍

ലഖ്‌നൗ: ഗ്രാമവാസിയെ ആക്രമിച്ചതിന് പെണ്‍കടുവയെ നാട്ടുകാര്‍ ട്രാക്ടര്‍ ഇടിപ്പിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ദുധ്വാ ടൈഗര്‍ റിസര്‍വ്വില്‍ ആണ് സംഭവം. ഗ്രാമവാസികളിലൊരാളെ പെണ്‍കടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് ഗ്രാമവാസികളെല്ലാം സംഘം ചേര്‍ന്ന് കടുവയെ വകവരുത്തിയത്.  

മഹാരാഷ്ട്രയില്‍ നരഭോജി കടുവയെന്ന് അറിയപ്പെട്ടിരുന്ന അവനി എന്ന പെണ്‍കടുവയെ വേട്ടക്കാര്‍ വെടിവച്ച് കൊന്നത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്. പതിമൂന്ന് പേരെയാണ് അവനി ആക്രമിച്ച് കൊന്നതെന്ന് പറയപ്പെടുന്നു. കടുവയെ കൊന്നതിനെതിരെ വന്യമൃഗ സംരക്ഷകര്‍ വന്‍പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യര്‍ വനം കയ്യേറി വന്യമൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലം മനുഷ്യന്‍ കയ്യേറി നശിപ്പിക്കുന്നതിനാലാണ് കടുവകള്‍ നാട്ടിലിറങ്ങുന്നതെന്നും മനുഷ്യനെ ഉപദ്രവിക്കുന്നതെന്നും വന്യജീവി സംരക്ഷകര്‍ വിശദീകരിച്ചു.  

തങ്ങളിലൊരാളെ ആക്രമിച്ചതിന് പ്രതികാരമെന്ന പോലെയാണ് ഗ്രാമവാസികള്‍ കടുവയെ കൊന്നതെന്ന് ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹാവീര്‍ കൗജിലഗ് പറഞ്ഞു. പരിക്കേറ്റ വ്യക്തിയെ ഉടന്‍ തന്നെ ഹോസ്പിറ്റലിലെത്തിക്കാനുള്ള തിരക്കിലായിരുന്നു ഉദ്യോഗസ്ഥര്‍. ഈ സമയം ഗ്രാമവാസികള്‍ എല്ലാവരും സംഘം ചേരുകയും കടുവയെ ട്രാക്റ്റര്‍ കൊണ്ട് ചതച്ച് കൊല്ലുകയുമായിരുന്നെന്ന് മഹാവീര്‍ പറഞ്ഞു. 

കടുവയെ കൊന്ന സംഭവത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കുമെതിരെ വന്യമൃഗ അവകാശ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാര്‍ പാണ്ഡെ വ്യക്തമാക്കി. സംരക്ഷിത മേഖലയ്ക്കുള്ളില്‍ വച്ച് കടുവ ആക്രമിക്കപ്പെട്ടത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com