'സര്‍ക്കാരില്‍' പൊളളി സര്‍ക്കാര്‍; സംവിധായകനെ അറസ്റ്റ് ചെയ്യാന്‍ അര്‍ദ്ധരാത്രി പൊലീസ് വീട്ടില്‍ ; നിരാശരായി മടക്കം  

വിജയിയുടെ പുതിയ ചിത്രം സര്‍ക്കാരിന്റെ ഡയറക്ടര്‍ എ ആര്‍ മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം
'സര്‍ക്കാരില്‍' പൊളളി സര്‍ക്കാര്‍; സംവിധായകനെ അറസ്റ്റ് ചെയ്യാന്‍ അര്‍ദ്ധരാത്രി പൊലീസ് വീട്ടില്‍ ; നിരാശരായി മടക്കം  

ചെന്നൈ : വിജയിയുടെ പുതിയ ചിത്രം സര്‍ക്കാരിന്റെ ഡയറക്ടര്‍ എ ആര്‍ മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഇതിന്റെ ഭാഗമായി അര്‍ദ്ധരാത്രിയില്‍ മുരുഗദോസിനെ തേടി പൊലീസ് വസതിയിലെത്തിയതായി സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ച്ചേഴ്‌സ് ട്വിറ്ററില്‍ ആരോപിച്ചു. എന്നാല്‍ വീട്ടില്‍ അദ്ദേഹം ഇല്ലെന്ന് മനസിലാക്കിയ പൊലീസ്  തിരിച്ചുപോയതായും സണ്‍ പിക്‌ച്ചേഴ്‌സ് വ്യക്തമാക്കി.

സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖം രംഗത്തുവന്നിരുന്നു. സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് സിനിമ നടത്തുന്നത്. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന നടപടി ഭീകരവാദത്തിന് തുല്യമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വലിച്ച് താഴെയിടാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചിത്രത്തിലെ നായകന്‍ വിജയിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഷണ്‍മുഖം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച പൊലീസിന്റെ നടപടിയുണ്ടായത്.

മുരുഗദോസ് എവിടെയാണ് എന്ന് അന്വേഷിക്കാതെയാണ് പൊലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതെന്ന് സണ്‍ പിക്‌ച്ചേഴ്‌സ് ആരോപിക്കുന്നു. തുടര്‍ന്ന്് സംവിധായകന്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം പൊലീസ് മടങ്ങിപ്പോകുകയായിരുന്നു. ഇക്കാര്യം മുരുഗദോസ് സ്ഥിരീകരിച്ചു. എന്നാല്‍ എന്തിന് മുരുഗദോസിനെ തേടി എത്തിയെന്ന് വിശദീകരിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ സിനിമക്കെതിരെ തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖം രംഗത്തുവന്നതിന് പുറമേ, കോയമ്പത്തൂരും മധുരയിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളുമെല്ലാം നശിപ്പിച്ചു. 

ഭരണകക്ഷിയായ എഐഎഡിഎംകെയെ സിനിമയില്‍ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങല്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 

കൂടാതെ സിനിമയില്‍ കോമളവല്ലി എന്ന കഥാപാത്രവും ഏറെ ചര്‍ച്ചയായിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരാണ് കോമളവല്ലി. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യം ഉണ്ടെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. ജയലളിതയുടെ സംഭാവനകളെ ഇകഴ്ത്തിക്കാണിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

വിവാദങ്ങള്‍ അരങ്ങേറുന്നതിനിടെ വിജയ് പ്രധാന കഥാപാത്രമായി എത്തിയ സര്‍ക്കാര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. റെക്കോര്‍ഡുകള്‍ പലതും പഴങ്കഥയാക്കിയ സര്‍ക്കാര്‍ റീലീസ് ചെയ്ത് ആദ്യദിനം തന്നെ തമിഴ്‌നാട്ടില്‍ നിന്നു നേടിയത് 30.5 കോടി രൂപയാണ്. ആദ്യദിനം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷനാണിത്. 

ഇന്ത്യയിലെ ആകെ കളക്ഷന്‍ പരിഗണിച്ചാല്‍ ആദ്യദിനം സര്‍ക്കാര്‍ നേടിയത് 47.85 കോടിയാണ്. ഇക്കാര്യത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായ 'സഞ്ജു'വിനെയാണ് സര്‍ക്കാര്‍ മറികടന്നത്. ആദ്യദിനം 34.75 കോടിയാണ് 'സഞ്ജു' നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com