ഇന്ത്യയെ ചൈന വളയുന്നു: പാകിസ്ഥാനും ശ്രീലങ്കയ്ക്കും പുറമേ മ്യാന്‍മാറിലും തുറമുഖം;ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യം നഷ്ടപ്പെടുമോ? 

പാകിസ്ഥാനിലെ ഗദ്വാറിനും ശ്രീലങ്കയിലെ ഹംബന്‍ടോട്ടയ്ക്കും പിന്നാലെ ഇന്ത്യയ്ക്ക് സമീപം മൂന്നാമത്തെ തുറമുഖം നിര്‍മിക്കാനൊരുങ്ങി ചൈന
ഇന്ത്യയെ ചൈന വളയുന്നു: പാകിസ്ഥാനും ശ്രീലങ്കയ്ക്കും പുറമേ മ്യാന്‍മാറിലും തുറമുഖം;ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യം നഷ്ടപ്പെടുമോ? 

ബെയ്ജിങ്: പാകിസ്ഥാനിലെ ഗദ്വാറിനും ശ്രീലങ്കയിലെ ഹംബന്‍ടോട്ടയ്ക്കും പിന്നാലെ ഇന്ത്യയ്ക്ക് സമീപം മൂന്നാമത്തെ തുറമുഖം നിര്‍മിക്കാനൊരുങ്ങി ചൈന. മ്യാന്‍മാറിലെ ക്യൗക്പ്യു നഗരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടല്‍ തുറമുഖം നിര്‍മിക്കാനുള്ള കരാറില്‍ ചൈനയും മ്യാന്‍മാറും ഒപ്പുവെച്ചു. വ്യാഴാഴ്ചയാണ് ഇന്ത്യയെ കൂടുതല്‍ ആശങ്കയിലാക്കുന്ന കരാറില്‍ ചൈനയും മ്യാന്‍മാറും ഒപ്പുവച്ചത്. 

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായാണ് തുറമുഖം നിര്‍മിക്കുക. 130 കോടി ഡോളറാണ് (ഏകദേശം 9420 കോടി രൂപ) ആദ്യഘട്ട നിര്‍മാണത്തിന് വേണ്ടിവരിക. പദ്ധതിത്തുകയുടെ 70 ശതമാനം ചൈനയും 30 ശതമാനം മ്യാന്‍മാറുമാണ് വഹിക്കുക.

ഫണ്ട് വിഹിതവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതയുയര്‍ന്നതോടെ വര്‍ഷങ്ങളായി തുറമുഖനിര്‍മാണ ചര്‍ച്ചകള്‍ തടസ്സപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ ഗദ്വാര്‍ തുറമുഖത്തിന്റെ നിര്‍മാണം ചൈനയുടെ സഹായത്തോടെ പുരോഗമിക്കുകയാണ്. ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറിയിട്ടുമുണ്ട്. കൂടാതെ, ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിന് ചൈന സാമ്പത്തികസഹായവും നല്‍കുന്നു.

ചൈനയെ സംബന്ധിച്ച് ഏറെ നയതന്ത്രപ്രാധാന്യമുള്ളതാണ് ക്യൗക്പ്യു തുറമുഖം. ബംഗാള്‍ ഉള്‍ക്കടലിലും അതിനൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലും മേല്‍ക്കൈ നേടാന്‍ മ്യാന്‍മാറിലെ ഈ തുറമുഖം ചൈനയെ സഹായിക്കും. നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തിവരുന്നത്. ഇന്ത്യന്‍ മഹാസമുദ്രമേഖല വളഞ്ഞ് ആധിപത്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അയല്‍രാജ്യങ്ങളിലെ ചൈനയുടെ തുറമുഖനിര്‍മാണങ്ങളെ ഇന്ത്യ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com