ദണ്ഡേവാഡയിലെ നീലാവയയില്‍ വോട്ട് ചെയ്യാനെത്തിയത് നാലുപേര്‍; 2013 ല്‍ ആറ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന്‌!

90 നിയമസഭാ മണ്ഡലങ്ങളിലെ 18 എണ്ണത്തിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വലിയ സുരക്ഷയാണ് മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത
ദണ്ഡേവാഡയിലെ നീലാവയയില്‍ വോട്ട് ചെയ്യാനെത്തിയത് നാലുപേര്‍; 2013 ല്‍ ആറ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന്‌!

 റായ്പൂര്‍: കടുത്ത മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ദണ്ഡേവാഡ ജില്ലയില്‍ പോളിങ് ശതമാനം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഉച്ചവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നീലാവയ ബൂത്തില്‍ നാല് പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. കനത്ത പൊലീസ് വലയത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2013 ല്‍ ആറ് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തിയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിനെത്തിയ ദൂരദര്‍ശന്‍ മാധ്യമസംഘത്തിലുണ്ടായിരുന്ന ക്യാമറമാന്‍ അച്യുതാനന്ദ സാഹു കൊല്ലപ്പെട്ട ഗ്രാമമാണിത്.

കൊന്‍ഡാ മണ്ഡലത്തിലെ ഭേജി ബൂത്തില്‍ പതിമൂന്ന് പേര്‍ വോട്ട് ചെയ്യാനെത്തി. 2013 ല്‍ ഒരു വോട്ട് പോലും രേഖപ്പെടുത്താത്ത ബൂത്താണിത്. ഛത്തീസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 21.53 % പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 90 നിയമസഭാ മണ്ഡലങ്ങളിലെ 18 എണ്ണത്തിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.  

അതിനിടെ ജഗദല്‍പൂരിലെ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാര്‍ നിരാശരായി മടങ്ങി. പലരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ കാണാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരും നാട്ടുകാരുമായി തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.  ബസ്തറിലെ മറ്റ് ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു.

രാവിലെ ദണ്ഡേവാഡയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ബിജാപ്പൂരിലെ പാംഡിലും സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ദണ്ഡേവാഡയിലെ തുമാക്പല്‍ പ്രദേശത്ത് നിന്നും മൂന്ന് കിലോ സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തിരുന്നു. ഒന്നര ലക്ഷത്തോളം സുരക്ഷാ സൈനികരാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. 

 നവംബര്‍ 20 നാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. മിസോറാം, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും വരുന്ന ആഴ്ചകളില്‍ വോട്ടെടുപ്പ് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com