'വെറുതേ കിടന്ന് നിലവിളിക്കണ്ട; മെയ് ദിനം തൊഴിലാളികള്‍ക്കുള്ളതാണ്', സര്‍ക്കാര്‍ ജീവനക്കാര്‍ക്കല്ലെന്ന് ബിപ്ലവ് കുമാര്‍ ദേബ്‌ 

സര്‍ക്കാര്‍ ജോലിക്കാര്‍ എങ്ങനെയാണ് തൊഴിലാളികളാവുന്നത്. എന്നെ നോക്കൂ, ഞാനൊരു തൊഴിലാളിയാണോ? ഒരിക്കലും അല്ല, ഞാന്‍ മുഖ്യമന്ത്രിയാണ്. ഇനി നിങ്ങളെ കുറിച്ച് ആലോചിക്കൂ,
'വെറുതേ കിടന്ന് നിലവിളിക്കണ്ട; മെയ് ദിനം തൊഴിലാളികള്‍ക്കുള്ളതാണ്', സര്‍ക്കാര്‍ ജീവനക്കാര്‍ക്കല്ലെന്ന് ബിപ്ലവ് കുമാര്‍ ദേബ്‌ 

അഗര്‍ത്തല: മെയ്ദിന അവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട ആവശ്യമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. സാധാരണ തൊഴിലാളികള്‍ക്കേ അതിന്റെ ആവശ്യമുള്ളൂ. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ചെയ്തുവെന്ന് പറഞ്ഞ് വെറുതേ അവധി തരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഗര്‍ത്തലയില്‍ നടന്ന ഗസറ്റഡ് ജീവനക്കാരുടെ സമ്മേളനത്തിലായിരുന്നു മെയ്ദിന അവധി റദ്ദാക്കിയതിനെ ത്രിപുര മുഖ്യമന്ത്രി ന്യായീകരിച്ചത്. 

'സര്‍ക്കാര്‍ ജോലിക്കാര്‍ എങ്ങനെയാണ് തൊഴിലാളികളാവുന്നത്. എന്നെ നോക്കൂ, ഞാനൊരു തൊഴിലാളിയാണോ? ഒരിക്കലും അല്ല, ഞാന്‍ മുഖ്യമന്ത്രിയാണ്. ഇനി നിങ്ങളെ കുറിച്ച് ആലോചിക്കൂ, നിങ്ങള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരാണ്. ആ അവധി നിങ്ങള്‍ക്കുള്ളതല്ല' എന്നതായിരുന്നു ബിപ്ലവ് ദേവിന്റെ മറുപടി. 

 മേയ് ദിനം അവധികളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പന്ത്രണ്ട് നിയന്ത്രിത അവധിദിവസങ്ങളില്‍ നിന്ന് നാല് ദിവസം ജീവനക്കാര്‍ക്ക് ഹോളിഡേയായി തിരഞ്ഞെടുക്കാമെന്ന പുതിയ പരിഷ്‌കാരവും മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.  പുതുവത്സര ദിനം, പോസ് പര്‍ബന്‍( ബംഗാളി കൊയ്ത്തുത്സവം), ബാസന്തി പൂജ, മഹാവീര്‍ ജയന്തി, രഥയാത്ര, ജൂലന്‍ജാത്ര സമാപന്‍, ബിശ്വകര്‍മപൂജ, അഖേരി ചാര്‍ സുംബ, ഭര്‍ത്രിദ്വിദ്യ, ഗുരു നാനാക് ജയന്തി, ലോക വികലാംഗ ദിനം എന്നിവയാണ് പട്ടികയില്‍ ഉള്ളത്.

സര്‍ക്കാരിന്റെ തീരുമാനത്തിന് മാറ്റമില്ലെന്നും മെയ് ദിന അവധിക്കായി ആരും ഇനിയും നിലവിളിക്കേണ്ടെന്നും ഉറപ്പിച്ച് പറഞ്ഞാണ് ത്രിപുര മുഖ്യമന്ത്രി സമ്മേളനം അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com