നോട്ട് നിരോധനം ചതിച്ചു; സാഹസികമായി ട്രെയിന്‍ കൊള്ളയടിച്ചത് വെറുതേയായി, കള്ളന്‍മാര്‍ ഒടുവില്‍ ജയിലിലേക്ക്

ചിന്നസേലത്തിനും വിരുദ്ധാചലത്തിനുമിടയില്‍ മുക്കാല്‍ മണിക്കൂറോളം നിര്‍ത്താതെ ട്രെയിന്‍ ഓടുന്ന പാതയാണ് ഒടുവില്‍ കവര്‍ച്ച നടത്താന്‍ തിരഞ്ഞെടുത്തത്. ചിന്നസേലത്ത് നിന്നും ട്രെയിനുള്ളില്‍ പ്രവേശിച്ച കള്ളന്‍
നോട്ട് നിരോധനം ചതിച്ചു; സാഹസികമായി ട്രെയിന്‍ കൊള്ളയടിച്ചത് വെറുതേയായി, കള്ളന്‍മാര്‍ ഒടുവില്‍ ജയിലിലേക്ക്

ചെന്നൈ : നോട്ട് നിരോധനം സാധാരണക്കാരെ മാത്രമല്ല, കള്ളന്‍മാരുടെയും കഞ്ഞികുടി മുട്ടിച്ചുവെന്നാണ് ചെന്നൈ പൊലീസ് പറയുന്നത്. 2016 ആഗസ്റ്റില്‍ സേലത്ത് നിന്നും ചെന്നൈയിലേക്ക് സഞ്ചരിച്ച ട്രെയിനില്‍ നിന്നും ആറ് കോടിയോളം രൂപ കവര്‍ന്ന കള്ളന്‍മാരാണ് വെട്ടിലായത്. അഞ്ചംഗ സംഘം കൊള്ളപ്പണം വീതിച്ചെടുത്തുവെങ്കിലും ചിലവഴിച്ച് തീര്‍ക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ 500 ന്റെയും 1000 ത്തിന്റെയും കറന്‍സികള്‍ നവംബറില്‍ പിന്‍വലിച്ചിരുന്നു. ഇതോടെ മോഷ്ടിച്ച പണം കൊണ്ട് കള്ളന്‍മാര്‍ക്ക് ഉപയോഗമുണ്ടായില്ല. രണ്ട് വര്‍ഷം മുമ്പത്തെ കേസില്‍ മധ്യപ്രദേശില്‍ നിന്നും ഉത്തരേന്ത്യന്‍ സ്വദേശികളായ മൊഹര്‍ സിങ്, റുസി പര്‍ദി, മഹേഷ് പര്‍ദി, കാലിയ, ബില്‍ട്യ എന്നിവരെ പൊലീസ്  അറസ്റ്റ്  ചെയ്തതോടെയാണ് മികച്ച തിരക്കഥയോടെ നടപ്പിലാക്കിയ മോഷണകഥ പുറത്ത് വന്നത്. 

2016 ല്‍ തമിഴ്‌നാട്ടിലെത്തിയ സംഘം റെയില്‍വേ സ്റ്റേഷന് സമീപവും ഓവര്‍ബ്രിഡ്ജുകള്‍ക്ക് സമീപവുമായി താമസിച്ചു വന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ താമസിക്കുന്നതിനിടയില്‍ സേലത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ പണമടങ്ങിയ പെട്ടികളുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കവര്‍ച്ച ഇവര്‍ ആസൂത്രണം ചെയ്തത്.  

അയോധിയാ പട്ടണത്തിനും വിരുദ്ധാചലത്തിനുമിടയില്‍ ഒരാഴ്ചയിലധികം ഇവര്‍ ട്രെയിനില്‍ സഞ്ചരിച്ചു. ചിന്നസേലത്തിനും വിരുദ്ധാചലത്തിനുമിടയില്‍ മുക്കാല്‍ മണിക്കൂറോളം നിര്‍ത്താതെ ട്രെയിന്‍ ഓടുന്ന പാതയാണ് ഒടുവില്‍ കവര്‍ച്ച നടത്താന്‍ തിരഞ്ഞെടുത്തത്. ചിന്നസേലത്ത് നിന്നും ട്രെയിനുള്ളില്‍ പ്രവേശിച്ച കള്ളന്‍മാരില്‍ രണ്ട് പേര്‍ പാര്‍സല്‍ വാനില്‍ കയറിക്കൂടി. കട്ടറുപയോഗിച്ച് ബോക്‌സുകളില്‍ നിന്ന് 5.78 കോടിയോളം രൂപ ആറ് ലുങ്കികളിലേക്ക് മാറ്റി. 

വയലൂര്‍ മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍ എത്തിയതും ട്രെയിന് മുകളില്‍ നിന്ന് പണമടങ്ങിയ ലുങ്കി താഴേക്ക് എറിഞ്ഞ ശേഷം ചാടി രക്ഷപെടുകയായിരുന്നു. അഞ്ച് പേരും പണം പങ്കിട്ടെടുത്തതിന് ശേഷം ബാക്കി വന്ന പണമാണ് വീടിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്.  കവര്‍ച്ച നടന്ന് മൂന്ന് മാസത്തിനുള്ളില്‍ നോട്ട് നിരോധനം നിലവില്‍ വന്നതോടെ കറന്‍സികള്‍ പാഴാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com