ഗജ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത

ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ഗജ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത

ചെന്നൈ: ഗജ ചുഴലിക്കാറ്റ് വ്യാഴാഴ്ച അര്‍ധരാത്രി തമിഴ്‌നാട് തീരം തൊടുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയിലാണ് ഇത് തമിഴ്‌നാട് തീരത്തോട് അടുക്കുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഗജ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാല് മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്തു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാഗപട്ടണത്തിന് പുറമേ കടലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, തൂത്തുക്കുടി, പുതുച്ചേരി എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം പതിനായിരത്തിലധികം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളിലായി ആറായിരത്തിലധികം ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒന്‍പതിനായിരം രക്ഷാപ്രവര്‍ത്തകരും തയ്യാറാണ്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ എല്ലാ സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. അണ്ണാ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com