വീർ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നിട്ടില്ല ; രാഹുൽ ​ഗാന്ധിക്കെതിരെ പരാതിയുമായി സവർക്കറുടെ കുടുംബം

തെറ്റായ പ്രസ്താവന നടത്തി രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചെറുമകൻ രഞ്ജീത് സവര്‍ക്കര്‍
വീർ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നിട്ടില്ല ; രാഹുൽ ​ഗാന്ധിക്കെതിരെ പരാതിയുമായി സവർക്കറുടെ കുടുംബം

മുംബൈ: ഹിന്ദു മഹാസഭ നേതാവ്  വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നാണ് ജയില്‍ മോചിതനായതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ സവര്‍ക്കറുടെ കുടുംബം രംഗത്ത്. രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ സവര്‍ക്കറുടെ ചെറുമകൻ രഞ്ജീത് സവര്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കി. തെറ്റായ പ്രസ്താവന നടത്തി രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതിയിൽ അദ്ദേഹം കുറ്റപ്പെടുത്തി. 

രാഹുൽ ​ഗാന്ധിയുടെ പ്രസ്താവന തെറ്റാണ്. ബ്രിട്ടീഷുകാര്‍ 27 വര്‍ഷം ജയിലിലടച്ചിട്ടയാളാണ് സവര്‍ക്കറെന്നും ചെറുമകൻ രഞ്ജീത് സവര്‍ക്കര്‍ പറഞ്ഞു. മുംബൈ ശിവജി പൊലീസ് സ്‌റ്റേഷനിലാണ് രാഹുലിനെതിരെ രഞ്ജീത് സവർക്കർ പരാതി നല്‍കിയത്.

ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് വീർ സവർക്കറെ വിമർശിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസ്താവനയുണ്ടായത്. ഗാന്ധിജിയൊക്കെ ജയിലില്‍ കിടന്ന സമയത്ത് സവര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി മാപ്പിരന്ന് പുറത്തിറങ്ങിയെന്നും ഈ സവര്‍ക്കറുടെ ചിത്രമാണ് മോദി പാര്‍ലമെന്റിൽ വെച്ചിരിക്കുന്നതെന്നുമാണ് രാഹുല്‍ പറഞ്ഞത്.

''ബ്രീട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം ജയിലിലായിരുന്നു. ഇതിനിടയില്‍ ഒരാള്‍ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി.  ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഞാന്‍ പങ്കെടുത്തിട്ടില്ല. എന്നെ ജയില്‍ മോചിതനാക്കണം. ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം. ദയവ് ചെയ്ത് എന്നെ വിട്ടയക്കണം.  എന്നാല്‍ മറ്റൊരു ഭാഗത്ത് മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ എന്നിവര്‍ രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പോരാടുകയായിരുന്നു''. ഇതായിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com