'വാദം കേള്‍ക്കല്‍ പോലും നിങ്ങള്‍ അര്‍ഹിക്കുന്നില്ല' ;  സിവിസി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പൊട്ടിത്തെറിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

സിബിഐ കേസില്‍ വിവരം ചോരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രിം കോടതി. അലോക് വര്‍മയ്‌ക്കെതിരായ സിവിസി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍
'വാദം കേള്‍ക്കല്‍ പോലും നിങ്ങള്‍ അര്‍ഹിക്കുന്നില്ല' ;  സിവിസി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പൊട്ടിത്തെറിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

 ന്യൂഡല്‍ഹി:  സിബിഐ കേസില്‍ വിവരം ചോരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രിം കോടതി. അലോക് വര്‍മയ്‌ക്കെതിരായ സിവിസി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പൊട്ടിത്തെറിച്ചത്.  റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട വര്‍മ്മയുടെ അഭിഭാഷകനോട് ' വാദം കേള്‍ക്കാന്‍  പോലുമുള്ള അര്‍ഹത നിങ്ങള്‍ക്കില്ലെ'ന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. 

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി, നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് അലോക് വര്‍മ്മ കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച കേസില്‍ വാദം കേള്‍ക്കവേ,സിവിസി റിപ്പോര്‍ട്ടില്‍ വര്‍മ്മയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള മറുപടി തിങ്കളാഴ്ച മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതി സിബിഐ ഓഫീസറായിരുന്ന മനിഷ് കുമാര്‍ സിന്‍ഹ തന്നോട് വെളിപ്പെടുത്തിയതായി വര്‍മ്മ കോടതിയെ അറിയിച്ചിരുന്നു. 

സിബിഐയിലെ രണ്ടാമനായിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരായ ആരോപണം ഉന്നയിച്ചതിനാണ് തന്നെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതെന്നും ഇത് കൈക്കൂലിക്കേസിലെ അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നുവെന്നും ആരോപിച്ച് മനിഷ് കുമാര്‍ സിന്‍ഹ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. സ്ഥലം  മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതിയെ പോലും ഞെട്ടിക്കുന്ന പല രേഖകളും തന്റെ പക്കലുണ്ടെന്നും സിന്‍ഹ  അറിയിച്ചിരുന്നു. വ്യവസായിക്കെതിരെയുള്ള അന്വേഷണത്തില്‍ ഇടപെടുന്നതിനായി കേന്ദ്രസഹമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയെന്നും രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കുന്നതിനിടെ അജിത് ദോവല്‍ ഇടപെടല്‍ നടത്തിയെന്നും സിന്‍ഹ  കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.  ഇതൊന്നും തങ്ങളെ ഞെട്ടിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചത്.
 
ഒക്ടോബറിലാണ് സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. തനിക്കെതിരെ അന്വേഷണം നടക്കുന്നതില്‍ വര്‍മ്മയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി അസ്താനയും രംഗത്തെത്തി. സിബിഐ തലപ്പത്ത് സ്ഥിതി വഷളാകാന്‍  തുടങ്ങിയതോട ഇരുവരെയും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com