കര്‍ഷക മാര്‍ച്ച് മുംബൈയില്‍; പ്രതിഷേധത്തില്‍ തിളച്ച് വാണിജ്യ നഗരം: ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്ന് കര്‍ഷകര്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരും ആദിവാസികളും മഹാരാഷ്ട്രയില്‍ നടത്തുന്ന ലോക് സംഘര്‍ഷ് മാര്‍ച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നു
കര്‍ഷക മാര്‍ച്ച് മുംബൈയില്‍; പ്രതിഷേധത്തില്‍ തിളച്ച് വാണിജ്യ നഗരം: ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്ന് കര്‍ഷകര്‍


മുംബൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരും ആദിവാസികളും മഹാരാഷ്ട്രയില്‍ നടത്തുന്ന ലോക് സംഘര്‍ഷ് മാര്‍ച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നു. പതിനായിരത്തിലധികം കര്‍ഷകരാണ് ആസാദ് മൈതാനത്ത് എത്തിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ മൈതാനത്ത് നിന്ന് മടങ്ങിപ്പോകില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. 

ചൊവ്വാഴ്ചാണ് താനെയില്‍ നിന്ന് കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ ഇന്നു വൈകുന്നേരം കാണാനാണ് കര്‍ഷകരുടെ തീരുമാനം. മൈതാനിയില്‍ എത്തിയ ജലവിഭവ വകുപ്പ് മന്ത്രിയോട് വാഗ്ദനാങ്ങള്‍ എത്രയും വേഗം പാലിക്കാന്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. 
താനെയില്‍ നിന്നും 13 മണിക്കൂറുകള്‍ കൊണ്ടാണ് കര്‍ഷകര്‍ മുംബൈയിലെത്തിയത്. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും എഎപിയും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

കൂടെ നടന്ന് നൂറുവയസ്സുകാരി

നൂറ് വയസ്സ് പ്രായമുള്ള സ്ത്രീയും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. നന്ദുര്‍ബര്‍ ജില്ലയില്‍ നിന്നുള്ള ജിലാബായി ആണ് താനെയില്‍ നിന്ന് ആസാദ് മൈതാനത്തേക്ക് മാര്‍ച്ചിനൊപ്പം നടന്നത്. ആസാദ് മൈതാനത്ത് എത്തിയ ഇവരെ സംഘാടകര്‍ സ്റ്റേജിലേക്ക് ക്ഷണിച്ചിരുത്തി. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഒരു ഗാനം ആലപിച്ച ശേഷമാണ് ജിലാബായി വേദി വിട്ടത്. 

ജിലാബായി സമരവേദിയില്‍
 

കര്‍ഷകരുടെ ആവശ്യങ്ങള്‍

മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ ലോങ് മാര്‍ച്ചില്‍ ഉറപ്പു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, സ്വാമി നാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമത്തിന് കീഴിലുള്ള നഷ്ടപരിഹാര തുകകള്‍ വിതരണം ചെയ്യുക, വിളകള്‍ക്ക് അടിസ്ഥാന വില വര്‍ധിപ്പിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ജ്യൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത് വന്നത് ദേവേന്ദ്ര ഫട്‌നവിസ് സര്‍ക്കാരിന് തലവേദനയാകും.

കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ബിജെപി സര്‍ക്കാര്‍ 2017ല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ അത് നടപ്പാക്കിയില്ല. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പലതവണ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അപ്പോഴെല്ലാം വാഗ്ദാനങ്ങള്‍ നല്‍കി സമരം അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

എല്ലാ കര്‍ഷകരും രണ്ടു കിലോഗ്രാം അരിയും ദാലും കൊണ്ടാണ് മാര്‍ച്ചിനെത്തിയിരിക്കുന്നത്. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ആസാദ് മൈതാനത്ത് തങ്ങാനാണ് തീരുമാനം- കര്‍ഷക പ്രക്ഷോഭ നേതാവ് പ്രതിഭ ഷിന്‍ഡെ വ്യക്തമാക്കി.

വനാവകാശ നിയമം ആറുമാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ച് 12ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. 3.64 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. എന്നാല്‍ വെറും 5448പേര്‍ക്കാണ് ഇതുവരെ ആനുകൂല്യം ലഭിച്ചത്പ്രതിഭ പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇത് രണ്ടാംതവണയാണ് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 11ന് നാസിക്കില്‍ നിന്ന് ആരംഭിച്ച് 12ന് മുംബൈയില്‍ അവസാനിച്ച ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ 35000ലധികം കര്‍ഷകരാണ് പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com