രണ്ട് മണിക്കൂര്‍ കൊണ്ട് ചെന്നൈയില്‍ നിന്ന് ബംഗളൂരു വഴി മൈസൂരെത്താം; നിലവിലെ യാത്രാസമയത്തില്‍ അഞ്ച് മണിക്കൂറിന്റെ കുറവ്  

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലെത്താന്‍ ഒരു മണിക്കൂര്‍ 40 മിനിറ്റും ബംഗളൂരുവില്‍ നിന്ന് മൈസൂരെത്താന്‍ 40മിനിറ്റുമാണ് വേണ്ടിവരിക
രണ്ട് മണിക്കൂര്‍ കൊണ്ട് ചെന്നൈയില്‍ നിന്ന് ബംഗളൂരു വഴി മൈസൂരെത്താം; നിലവിലെ യാത്രാസമയത്തില്‍ അഞ്ച് മണിക്കൂറിന്റെ കുറവ്  

ന്യൂഡല്‍ഹി: രണ്ടേകാൽ മണിക്കൂര്‍ കൊണ്ട് ചെന്നൈയില്‍ നിന്ന് മൈസൂരിലേക്ക് ബംഗളൂരു വഴി ഒരു യാത്ര, വിമാനത്തിലല്ല ട്രെയിനിൽ. ജര്‍മ്മന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച അതിവേഗ റെയില്‍ ശൃംഖലാ പദ്ധതിയ്ക്ക് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയാല്‍ 2030ഓടെ സുഗമമായ യാത്രയ്ക്ക് വഴിയൊരുങ്ങും. നിലവില്‍ ഏഴ് മണിക്കൂറില്‍ കൂടുതലാണ് ഈ റൂട്ടിലെ യാത്രാസമയം.

435കിലോമീറ്റര്‍ ദൂരത്തില്‍ അതിവേഗ റെയില്‍ ശൃംഖല നിര്‍മിക്കുന്നത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ജര്‍മ്മന്‍ സംഘം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലോഹാനിക്ക് സമര്‍പ്പിച്ചു. മണിക്കൂറിൽ 320 കിലോമീറ്റര്‍ വേഗത്തിൽ 2 മണിക്കൂര്‍ 20 മിനിട്ട് കൊണ്ട് യാത്ര പൂര്‍ത്തിയാക്കാമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്ന് ജര്‍മ്മൻ അംബാസഡര്‍ മാര്‍ട്ടിൻ നെ ചൂണ്ടിക്കാട്ടി.

ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ചെലവിടേണ്ടത്. ഇതിനു പുറമെ 150 കോടി രൂപ ട്രെയിനുകള്‍ വാങ്ങാനും ചെലവിടണം. ചെന്നൈ - ആരക്കോണം - ബെംഗളുരു - മൈസൂര്‍ പാതയുടെ 85 ശതമാനവും തൂണുകള്‍ക്ക് മുകളിലായിരിക്കും നിര്‍മിക്കുക. പാതയുടെ 11 ശതമാനം തുരങ്കത്തിലൂടെയും. ചെന്നൈയിൽ നിന്ന് ബെംഗളുരുവിലെത്താൻ 100 മിനിട്ടും ബെംഗളുരു - മൈസൂര്‍ യാത്രയ്ക്ക് 40 മിനിട്ടുമാണ് വേണ്ടി വരിക.

പദ്ധതി വളരെ മികച്ചതാണെന്നും ഇതിന്‍റെ കൂടുതൽ സാധ്യതകളെപ്പറ്റി പഠിക്കുകയാണെന്നും അശ്വിനി ലോഹോനി പ്രതികരിച്ചു. പുതിയ പദ്ധതിയിലൂടെ വിമാനയാത്രികരെ ട്രെയിൻ യാത്രയിലേയ്ക്ക് ആകര്‍ഷിക്കാനാകുമെന്നും ഇത്ര കുറഞ്ഞ സമയത്തിൽ യാത്ര സാധ്യമായാൽ കൂടുതൽ ആളുകള്‍ ട്രെയിനിൽ യാത്ര ചെയ്യാൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി ആസൂത്രണം ചെയ്യാൻ മൂന്ന് വര്‍ഷവും നിര്‍മാണത്തിനായി ഒൻപത് വര്‍ഷവും വേണ്ടിവരുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതായത് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 2030ഓടെ റെയില്‍ പാത തുറന്നുകിട്ടും. ന്യൂഡല്‍ഹി-മുംബൈ, മുംബൈ-ചെന്നൈ, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി-നാഗ്പൂര്‍, മുംബൈ-നാഗ്പൂര്‍ തുടങ്ങിയ റൂട്ടുകളിലും അതിവേഗ റെയില്‍ ഗതാഗതത്തിൻ്റെ സാധ്യതാ പഠനം നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com