രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് അമിത് ഷാ; നിര്‍മ്മാണം തുടങ്ങുന്ന തിയ്യതി പറയൂ- മോദിയോട് ഉദ്ദവ് താക്കറെ

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് അമിത് ഷാ; നിര്‍മ്മാണം തുടങ്ങുന്ന തിയ്യതി പറയൂ- മോദിയോട് ഉദ്ദവ് താക്കറെ

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് അമിത് ഷാ-നിര്‍മ്മാണം തുടങ്ങുന്ന തിയ്യതി പറയൂ- മോദിയോട് ഉദ്ദവ് താക്കറെ

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ പ്രധാന പരിഗണന വിഷയമാണെങ്കിലും തിടുക്കപ്പെട്ട് എന്തെങ്കിലും ചെയ്യില്ല, ഭരണഘടനാപരമായി തന്നെ പരിഹാരം കാണുമെന്ന് അമിത് ഷാ പറയുന്നു. കേസ് ജനുവരിയില്‍ പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്നും അമിത് ഷാ ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

അതിനിടെ, രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ച് ബിജെപിയെ സമ്മര്‍ദത്തിലാക്കി ശിവസേന മേധാവി ഉദ്ധവ് താക്കറെ അയോധ്യയില്‍ റാലി നടത്തി. ക്ഷേത്രം എപ്പോള്‍ നിര്‍മിക്കുമെന്നു പറയൂ. ബാക്കി കാര്യം നമുക്ക് പിന്നീട് സംസാരിക്കാം ഉദ്ധവ് പറഞ്ഞു. ഭാര്യ രശ്മിക്കും മകന്‍ ആദിത്യക്കുമൊപ്പമാണ് ഉദ്ധവ് അയോധ്യയിലെത്തിയത്. ഇതാദ്യമായാണ് ഉദ്ധവ് അയോധ്യ സന്ദര്‍ശിക്കുന്നത്. ശിവസേനയ്ക്കു പിന്നാലെ വിശ്വഹിന്ദുപരിഷത്തിന്റെ റാലി നാളെ നടക്കാനിരിക്കെ അയോധ്യ മുള്‍മുനയിലാണ്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

അതേസമയം,  ആദ്യം രാമക്ഷേത്ര നിര്‍മാണം പിന്നെമതി സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി ശിവസേന അയോധ്യയില്‍ നടത്തുന്ന ആശിര്‍വാദ് സമ്മേളനെന്ന രണ്ടുദിവസത്തെ പരിപാടിയുടെ ലക്ഷ്യം ബിജെപിയെ വെട്ടിലാക്കുകയാണ്. നാലായിരത്തോളം പ്രവര്‍ത്തകരെയാണ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചിട്ടുള്ളത്. മുപ്പതു മിനിറ്റുകൊണ്ട് നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണത്തിന് വൈകുന്നതെന്തുകൊണ്ടെന്ന് ഉദ്ധവ് താക്കറേ ചോദിച്ചു. നിര്‍മാണം എപ്പോള്‍ തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം.  

ക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയുടെ ധര്‍മ സന്‍സദ് സമ്മേളനം നാളെ നടക്കും. രണ്ടുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുെമന്നാണ് അറിയിച്ചിട്ടുള്ളത്. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 35 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, 160 ഇന്‍സ്‌പെക്ടര്‍മാര്‍, 700 കോണ്‍സ്റ്റബിളുമാര്‍ എന്നിവരെ അയോധ്യയില്‍ വിന്യസിച്ചിട്ടുള്ളതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 42 കമ്പനി പോലീസ്, അഞ്ച് കമ്പനി ദ്രുതകര്‍മ സേന, തീവ്രവാദ വിരുദ്ധ സേന എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. പട്ടാളത്തെ ഇറക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. വിഎച്ച്പി, ശിവസേന പ്രതിഷേധങ്ങളെയും യുപി സര്‍ക്കാരിനെയും വിമര്‍ശിച്ച് ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തുവന്നു.

ശിവസേനയുടെയും വി എച്ച് പിയുടെയും പരിപാടികളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് അയോധ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com