രാമക്ഷേത്രത്തിന് റാലിയുമായി വിഎച്ച്പിയും ശിവസേനയും; ഒരുലക്ഷം പേരെത്തുമെന്ന് റിപ്പോര്‍ട്ട് ,അതീവ ജാഗ്രതയില്‍ അയോധ്യ

70,000ത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. തീവ്രവാദ വിരുദ്ധ സേനയുടെയും ദ്രുതകര്‍മ്മ സേനയുടെയും സംഘങ്ങള്‍ക്ക് പുറമേ പ്രത്യേക പൊലീസ് , അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
രാമക്ഷേത്രത്തിന് റാലിയുമായി വിഎച്ച്പിയും ശിവസേനയും; ഒരുലക്ഷം പേരെത്തുമെന്ന് റിപ്പോര്‍ട്ട് ,അതീവ ജാഗ്രതയില്‍ അയോധ്യ

ലക്‌നൗ: രാമക്ഷേത്ര നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിഎച്ച്പിയും ശിവസേനയും അയോധ്യയില്‍ നടത്താനിരിക്കുന്ന റാലിയിലും സമ്മേളനത്തിലും ഒരുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശിവസേന നേതാവ് ഉദ്ധവ് താക്കറെ നയിക്കുന്ന ദ്വിദിന സന്ദര്‍ശനത്തിന്‌
ഇന്നാണ് തുടക്കമാവുന്നത്. നാളെ നടക്കുന്ന ശിവസേനാ റാലിക്കായി
4000ത്തില്‍ അധികം  പ്രവര്‍ത്തകര്‍ ഇതിനകം അയോധ്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ട് ട്രെയിനുകളാണ് മഹാരാഷ്ട്രയില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കുന്നതിനായി ശിവസേന ബുക്ക് ചെയ്തത്.

എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ പൊലീസ് സജ്ജമാണെന്നും ബാബറി മസ്ജിദ്- രാമജന്‍മഭൂമി പ്രദേശത്ത് നൂറ് കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഉന്നത പൊലീസ് അധികാരികള്‍ വ്യക്തമാക്കി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

70,000ത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. തീവ്രവാദ വിരുദ്ധ സേനയുടെയും ദ്രുതകര്‍മ്മ സേനയുടെയും സംഘങ്ങള്‍ക്ക് പുറമേ പ്രത്യേക പൊലീസ് , അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. എഡിജിപി അശുതോഷ് പാണ്ഡെയ്ക്കും ഡിഐജി സുഭാഷ് സിങ് ഭാഗലിനുമാണ് സുരക്ഷാ ചുമതല.

ബാബറ് മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ സംഗമമാണിത്. 1992 ഡിസംബര്‍ ആറിനായിരുന്നു ആയിരക്കണക്കിന് വരുന്ന കര്‍സേവകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് 16 ആം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബാബറി മസ്ജിദ് തകര്‍ത്തത്. 
ഉച്ചയോടെ ഉദ്ധവ് താക്കറെ അയോധ്യയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷ്മണ്‍ക്വിലയില്‍ നിന്നും സംന്യാസിമാരുടെ അനുഗ്രഹം വാങ്ങിയാവും യാത്ര തുടങ്ങുകയെന്നാണ് ശിവസേന വ്യക്തമാക്കിയത്. 

നാളെ വിഎച്ച്പി സംഘടിപ്പിക്കുന്ന റാലിയില്‍ ഒരുലക്ഷംപേര്‍  കുറഞ്ഞത് എത്തിയേക്കുമെന്നും ക്രമസമാധാന നില അപകടത്തിലായേക്കുമെന്നുമുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കോടതി ജനുവരിയിലേ കേസ് പരിഗണിക്കൂവെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ശിവസേനയുടെ ആവശ്യം. രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ 400 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ശിവസേന അവകാശപ്പെട്ടു. 

'വെറും 17 മിനിറ്റു കൊണ്ടാണ് ബാബറി മസ്ജിദ് തകര്‍ത്തത്. എന്നിട്ടും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എത്ര വര്‍ഷമാണ് കാത്തിരിക്കേണ്ടി വരുന്നത്? ഓര്‍ഡിന്‍സ് രാഷ്ട്രപതി ഭവനില്‍ നിന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിലേക്ക് എത്താന്‍ എന്താണ് താമസം' എന്നുമായിരുന്നു ഈ വിഷയത്തില്‍ ശിവസേനാ എംപിയായ സഞ്ജ് റൗട്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com