രാമക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് വിഎച്ച്പി, ശിവസേന റാലികൾ ഇന്ന് ; അയോധ്യയിൽ കനത്ത സുരക്ഷ

അയോധ്യയിൽ ഒരു അനിഷ്ട സംഭവവും ഉണ്ടാകരുതെന്നു കേന്ദ്രസർക്കാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നിർദേശം നൽകി
രാമക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് വിഎച്ച്പി, ശിവസേന റാലികൾ ഇന്ന് ; അയോധ്യയിൽ കനത്ത സുരക്ഷ

ലക്നൗ :  'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യവുമായി വിശ്വഹിന്ദുപരിഷത്തും (വിഎച്ച്പി) ക്ഷേത്രനിർമാണത്തീയതി നിശ്ചയിക്കുക എന്ന ആവശ്യവുമായി ശിവസേനയും ഇന്ന് റാലികൾ നടത്തുന്നു. രണ്ട് ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന റാലിക്കു പുറമേ വിഎച്ച്പി ഇന്ന് സന്യാസികളുടെ ധർമസഭയും നടത്തും. റാലികളുടെ പശ്ചാത്തലത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. 

വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിരാട ധര്‍മസഭയിൽ  മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 1992ലെ കര്‍സേവയ്ക്ക് ശേഷം ഇത്രയധികം രാമഭക്തര്‍ അയോധ്യയില്‍ എത്തുന്നത് ഇതാദ്യമാണെന്നും സംഘാടകർ അവകാശപ്പെട്ടു. സരയൂതീരത്തെ രാംഘട്ടിലുള്ള ബഡാ ഭക്തമാല്‍ പരിക്രമ മാര്‍ഗിലെ മൈതാനിയിലാണ് രാമക്ഷേത്ര നിര്‍മാണത്തിന് ആഹ്വാനം മുഴക്കി ധര്‍മസഭ നടക്കുന്നത്. അയോധ്യാ ജില്ലയില്‍ നിന്നുള്ള രാമഭക്തരാണ് വിരാട ധര്‍മസഭയ്ക്ക് എത്തിയിട്ടുള്ളത്. 

 1,322 ബസ്സുകള്‍, 1,546 ജീപ്പുകള്‍, 15,000 ബൈക്കുകള്‍ എന്നിവയിലായാണ് പ്രവര്‍ത്തകര്‍ വിരാട ധര്‍മസഭയ്ക്ക് എത്തുന്നതെന്ന് ബിജെപി എം പി വിനയ് കത്യാര്‍ പറഞ്ഞു. 15,000 പേര്‍ ട്രെയിനിലുമെത്തും. രാമക്ഷേത്ര നിര്‍മാണം എത്രയും വേഗം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കത്യാര്‍ പറഞ്ഞു. വിഎച്ച്പി ഇന്ന് നാഗ്പൂരിലും ബെംഗളൂരുവിലും റാലി നടത്തുന്നുണ്ട്. രാമക്ഷേത്ര നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്ന ആഹ്വാനം മുഴക്കി ഇന്നു മുതല്‍ ഡിസംബര്‍ 25 വരെ രാജ്യത്തെ 543 ജില്ലകളില്‍ വിഎച്ച്പി റാലി നടത്തും. ഇതിനും ഇന്ന് അയോധ്യയില്‍ തുടക്കമാകും. ഡിസംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍ സന്ന്യാസിമാരുടെ റാലിയും നടക്കും. 

രണ്ടു പ്രത്യേക ട്രെയിനുകളിലാണ് ശിവസേനാ പ്രവർത്തകർ അയോധ്യയിലെത്തുന്നത്; നേതൃത്വം നൽകുന്നത് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ്  രാമക്ഷേത്രനിർമാണത്തിന് നിയമനിർമാണമോ ഓർഡിനൻസോ വേണമെന്നാണ് ആവശ്യം. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ബിജെപിയിലെ ഒരു വിഭാഗവും ക്ഷേത്രനിർമാണം ഉടൻ വേണമെന്ന നിലപാടുകാരാണ്. 

'നാലര വർഷമായി ഉറങ്ങിക്കിടക്കുന്ന കുംഭകർണനെ ഉണർത്താനാണു വന്നത്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട്  ഉദ്ധവ്  പറഞ്ഞു. രാമജന്മഭൂമിയിൽ രാമക്ഷേത്രം ഉയർന്നേ തീരൂ. 30 നിമിഷം കൊണ്ട് നോട്ടുനിരോധനത്തിനു തീരുമാനിക്കാമെങ്കിൽ ക്ഷേത്രം പണിയുന്നതു തീരുമാനിക്കാൻ എന്താണിത്ര താമസം? കേന്ദ്രവും ഉത്തർപ്രദേശും ബിജെപിയാണു ഭരിക്കുന്നത്. എന്നിട്ടും തീയതി നിശ്ചയിക്കാൻ കഴിയുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു. ആദ്യമായി അയോധ്യ സന്ദർശിക്കുന്ന ഉദ്ധവിനൊപ്പം ഭാര്യ രശ്മിയും മകൻ ആദിത്യയും എത്തിയിട്ടുണ്ട്. 

അയോധ്യയിൽ ഒരു അനിഷ്ട സംഭവവും ഉണ്ടാകരുതെന്നു കേന്ദ്രസർക്കാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നിർദേശം നൽകി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി അയോധ്യയെ 16 മേഖലകളായി തിരിച്ച് ഓരോന്നും ഓരോ ഡിഎസ്പിയുടെ കീഴിലാക്കി. നഗരത്തിൽ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അയ്യായിരത്തോളം പോലീസ്, അര്‍ധസൈനിക വിഭാഗങ്ങളെ അയോധ്യയിലും സമീപ പ്രദേശങ്ങളിലും അധികമായി വിന്യസിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com