ഊതാന്‍ പറഞ്ഞു, ഉപകരണവുമായി മുങ്ങി; പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ പ്രതി ലണ്ടനില്‍ ! 

മദ്യപിച്ച് വാഹനമോടിച്ചെത്തിയ നോയിഡ സ്വദേശി ആല്‍ക്കോമീറ്റര്‍ ഊതാന്‍ വാങ്ങിയ ശേഷം അമിത വേഗതയില്‍ കാറോടിച്ച് പോവുകയായിരുന്നു. ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം
ഊതാന്‍ പറഞ്ഞു, ഉപകരണവുമായി മുങ്ങി; പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ പ്രതി ലണ്ടനില്‍ ! 


ന്യൂഡല്‍ഹി: മദ്യപിച്ചാണോ വാഹനമോടിക്കുന്നതെന്ന് പരിശോധിക്കാന്‍ കാര്‍ ഡ്രൈവര്‍ക്ക് ആല്‍ക്കോ മീറ്റര്‍ നല്‍കിയ പൊലീസ് കുടുങ്ങി. മദ്യപിച്ച് വാഹനമോടിച്ചെത്തിയ നോയിഡ സ്വദേശി ആല്‍ക്കോമീറ്റര്‍ ഊതാന്‍ വാങ്ങിയ ശേഷം അമിത വേഗതയില്‍ കാറോടിച്ച് പോവുകയായിരുന്നു. ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കാറിന്റെ നമ്പര്‍ നോട്ട് ചെയ്ത പൊലീസ് റിഷി ദിന്‍ഗ്രയെന്നയാളുടേതാണ് വാഹനമെന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്യുന്നതിനായി ഫഌറ്റിലെത്തിയപ്പോഴേക്കും ഇയാള്‍ ലണ്ടനിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയിക്കഴിഞ്ഞിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

സംഭവസമയത്ത് റിഷി ഓടിച്ച മാരുതി സ്വിഫ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ചെക്ക് പോസ്റ്റ് കടന്നപ്പോഴേ ആല്‍ക്കോമീറ്റര്‍ താന്‍ വലിച്ചെറിഞ്ഞുവെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി.

രാത്രി 11.30 ഓടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കുന്നതിനായി കൊണാട്ട് പ്ലേസിന് സമീപം മൂന്ന് ട്രാഫിക് പൊലീസുകാര്‍ നിലയുറപ്പിച്ചത്. മാരുതി കാര്‍ എത്തിയതും ഹെഡ് കോണ്‍സ്റ്റബിള്‍ കൈ കാണിച്ച് നിര്‍ത്തിച്ചു. ഡ്രൈവ് ചെയ്തിരുന്ന റിഷിയോട് ഊതാന്‍ പറഞ്ഞതും ഇയാള്‍ ആല്‍ക്കോ മീറ്റര്‍ വാങ്ങി. മദ്യപിച്ചതായി ഒറ്റനോട്ടത്തില്‍ മനസിലായതിനെ തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങി വരാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ വാഹനം പാര്‍ക്ക് ചെയ്യുന്നതായി തെറ്റിദ്ധരിപ്പിച്ച ശേഷം ഇയാള്‍ വേഗതയില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

 പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും മോഷണത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും 2000 രൂപ പിഴയുമോ ഇവയില്‍ ഏതെങ്കിലും ഒന്നോ ആണ് ഡല്‍ഹിയില്‍ ലഭിക്കുന്ന ശിക്ഷ. മൂന്ന് വര്‍ഷത്തിനകം വീണ്ടും പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം തടവും 3000 രൂപ പിഴയും ശിക്ഷ നല്‍കും. അടുത്തിടെയായി മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുന്ന നടപടിയും പൊലീസ് സ്വീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com