'ഇത് നിങ്ങളുടെ വീടല്ല, ടോയ്‌ലറ്റില്‍ പോയി മുലയൂട്ടൂ'; ബ്രസ്റ്റ് ഫീഡിങ് റൂം ചോദിച്ച യുവതിയെ അപമാനിച്ച് ഷോപ്പിങ്മാള്‍, ഒടുവില്‍ മാപ്പ് പറച്ചില്‍

ഏഴ്മാസം പ്രായമുള്ള കൈക്കുഞ്ഞുമായി മാളിലെത്തിയ ഇവര്‍ കുട്ടി വിശന്നു കരഞ്ഞതിനെ തുടര്‍ന്ന് മുലയൂട്ടുന്നതിനുള്ള മുറി അന്വേഷിച്ചു. ഈ മാളില്‍ അങ്ങനെയൊരു മുറി ഇല്ലെന്നും വേണമെങ്കില്‍ ബാത്ത്‌റൂം ഉപയോഗിച്ചു 
'ഇത് നിങ്ങളുടെ വീടല്ല, ടോയ്‌ലറ്റില്‍ പോയി മുലയൂട്ടൂ'; ബ്രസ്റ്റ് ഫീഡിങ് റൂം ചോദിച്ച യുവതിയെ അപമാനിച്ച് ഷോപ്പിങ്മാള്‍, ഒടുവില്‍ മാപ്പ് പറച്ചില്‍

കൊല്‍ക്കത്ത: കുഞ്ഞിനെ മുലയൂട്ടാനുള്ള 'ബ്രസ്റ്റ് ഫീഡിങ് റൂം' ഏതെന്ന് ചോദിച്ചപ്പോള്‍ ടോയ്‌ലറ്റില്‍ പോയി പാലുകൊടുത്തോളൂവെന്ന് മറുപടി നല്‍കിയ ഷോപ്പിങ്മാള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കൊല്‍ക്കത്തയിലെ സൗത്ത് സിറ്റി മാളിലാണ് സംഭവം.

ഏഴ്മാസം പ്രായമുള്ള കൈക്കുഞ്ഞുമായി മാളിലെത്തിയ ഇവര്‍ കുട്ടി വിശന്നു കരഞ്ഞതിനെ തുടര്‍ന്ന് മുലയൂട്ടുന്നതിനുള്ള മുറി അന്വേഷിച്ചു. ഈ മാളില്‍ അങ്ങനെയൊരു മുറി ഇല്ലെന്നും വേണമെങ്കില്‍ ബാത്ത്‌റൂം ഉപയോഗിച്ചു കൊള്ളൂവെന്നുമായിരുന്നു  ജീവനക്കാരന്റെ മറുപടി. ഇതേത്തുടര്‍ന്നാണ് ഇവര്‍ ഫേസ്ബുക്ക് പേജില്‍ സംഭവം എഴുതിയത്. 'മുലയൂട്ടാനൊരു സ്ഥലം പോലുമില്ലാതെ എന്തൊരു മാളാണിത്? വലിപ്പം മാത്രമേയുള്ളൂ ഉപയോഗമില്ല. നിങ്ങളുടെ ജീവനക്കാരന്‍ എന്നോട് ടോയ്‌ലറ്റില്‍ പോയി കുഞ്ഞിന് പാലുകൊടുക്കൂവെന്നാണ് പറഞ്ഞത്. വൃത്തികെട്ട സ്ഥലം ' എന്നായിരുന്നു ഷോപ്പിങ് മാളിന്റെ പേജില്‍ അഭിലാഷ അരൂപ്ദാസ് എന്ന യുവതി എഴുതിയത്.


 
 ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ ' ചെല്ലുന്ന സ്ഥലമെല്ലാം നിങ്ങളുടെ വീടല്ലെന്നും വീട്ടിലെ സൗകര്യങ്ങള്‍ പ്രതീക്ഷിക്കരുതെന്നും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാന്‍ പഠിക്കൂ ' എന്നുമായിരുന്നു മാള്‍ ജീവനക്കാരന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നും നല്‍കിയ മറുപടി.

നിരുത്തരവാദപരമായ കമന്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. അപമാനകരമാണ് മാള്‍ അധികൃതരുടെ മറുപടിയെന്നും കണ്‍സ്യൂമര്‍ കോര്‍ട്ടിനെ സമീപിക്കുമെന്നും യുവതി വ്യക്തമാക്കിയതോടെ കമന്റ് പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു. ഇതോടെ യുവതി അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

 വിവാദം രൂക്ഷമായതോടെ മാപ്പ് പറഞ്ഞ് മാള്‍ അധികൃതര്‍ ഫേസ്ബുക്ക ്‌പോസ്റ്റിട്ടു. ഷോപ്പിങ്മാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാത്തതിനാല്‍ സംഭവിച്ചു പോയതാണെന്നും ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ കുറിച്ചു. കുട്ടികള്‍ക്കായി ഒന്നാം നിലയില്‍ ബേബി ചെയ്ഞ്ചിങ് റൂമുണ്ടെന്നും കിഡ്‌സ് ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. അപകീര്‍ത്തികരമായി കമന്റിട്ട ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

 എന്നാല്‍ അരമണിക്കൂറോളം മാളില്‍ തിരഞ്ഞിട്ടും കുട്ടികള്‍ക്കായുള്ള യാതൊരും സംവിധാനവും കണ്ടെത്താനായില്ലെന്ന് യുവതി ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. കുട്ടിക്ക് പാല് കൊടുക്കുന്നതിനായി ബഞ്ച് പോലും തനിക്ക് ലഭിച്ചില്ലെന്നും ഒടുവില്‍ ട്രയല്‍ റൂമില്‍ കയറിയാണ് പാല് കൊടുത്തതെന്നും യുവതി എഴുതി. 

 മാള്‍ അധികൃതരുടെ മാപ്പ് പറച്ചില്‍ പ്രഹസനമാണെന്നും പാല്കുടിക്കാതെ വളര്‍ന്നവരാണോ അവിടെയുള്ളതെന്നും ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങി. ഇതോടെ റിവ്യൂ ഓപ്ഷന്‍ പേജില്‍ നിന്നും ഷോപ്പിങ്മാള്‍ അധികൃതര്‍ നീക്കം ചെയ്യുകയായിരുന്നു. നിയമനടപടി മാള്‍ അധികൃതര്‍ക്കെതിരെ സ്വീകരിക്കുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com