ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ന്യൂസിലന്‍ഡിലെ  കടല്‍തീരത്ത്; ദുരൂഹത നീക്കാനാവാതെ പൊലീസ്

സാഗറുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ കൊല്ലം ഏപ്രിലിലാണ് സോനം ന്യൂസിലന്‍ഡില്‍ എത്തുന്നത്
ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ന്യൂസിലന്‍ഡിലെ  കടല്‍തീരത്ത്; ദുരൂഹത നീക്കാനാവാതെ പൊലീസ്

ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലന്‍ഡിലെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു പൂണൈ സ്വദേശി സോനം ഷേലാറിനെയാണ് നോര്‍ത്ത് ഐലന്‍ഡിലെ വൈറ്റ് റോക്ക് ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മരണത്തിന് പിന്നിലെ ദുരൂഹത മാറ്റാനായിട്ടില്ല. 

ഈ മാസം 17 നാണ് സോനത്തെ കാണാതാകുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് സാഗര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സാഗറുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ കൊല്ലം ഏപ്രിലിലാണ് സോനം ന്യൂസിലന്‍ഡില്‍ എത്തുന്നത്. വെല്ലിംഗ്ടണിലെ കാശ്മീരി അവന്യുവില്‍ നിന്നാണ് സോനത്തെ കാണാതാകുന്നത്. അവിടെ ഫിസിക്കല്‍ ട്രെയ്‌നറായി ജോലി ചെയ്യുകയാണ് അവര്‍. ഹോട്ടലിലെ ഷെഫാണ് സാഗര്‍. 

സോനം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്  പൊലീസിന്റെ നിഗമനമെങ്കിലും അത് ഉറപ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകമാണെന്ന് സംശയിക്കാന്‍ പറ്റിയ തെളിവുകള്‍ ഒന്നും തന്നെ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയില്ല. ഭര്‍ത്താവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. മൃതദേഹം ലഭിക്കുന്നതിന് മുന്‍പായി രണ്ട് ഫോണുകളാണ് ലഭിച്ചത്. അതിന് ശേഷമാണ് മൃതദേഹം കണ്ടത്തുന്നത്. അപരിചിതമായ സ്ഥലത്ത് സോനം എങ്ങനെ എത്തിപ്പെട്ടു എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. 

അള്‍ട്രാ സൗണ്ട് റിപ്പോര്‍ട്ടിനെ കുറിച്ച് അവള്‍ക്ക് ആശങ്കള്‍ ഉണ്ടായിരുന്നുവെന്നും ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു സോനത്തിന് ആഗ്രഹമെന്നും അതിനു വിരുദ്ധമായി സംഭവിക്കുമെന്ന ആശങ്കയാണ് നിരാശയ്ക്ക് കാരണമെന്നും സാഗര്‍ പറഞ്ഞിരുന്നുവെങ്കിലും ബന്ധുക്കള്‍ ആ ആരോപണം തളളി. അങ്ങനെയൊരു റിപ്പോര്‍ട്ട് നിലവില്‍ ഇല്ലെന്നും സോനത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com