ദീപക് മിശ്രയുടെ അവസാന പ്രവൃത്തിദിനം ഇന്ന്, പൊതു- സ്വകാര്യ സ്വത്ത് നശിപ്പിക്കലില്‍ വിധി പറയും 

ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളില്‍ ശ്രദ്ധേയമായ വിധിന്യായങ്ങള്‍ക്ക് അധ്യക്ഷത വഹിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് പടിയിറങ്ങും
ദീപക് മിശ്രയുടെ അവസാന പ്രവൃത്തിദിനം ഇന്ന്, പൊതു- സ്വകാര്യ സ്വത്ത് നശിപ്പിക്കലില്‍ വിധി പറയും 

ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തിലെ അവസാന നാളുകളില്‍ ശ്രദ്ധേയമായ വിധിന്യായങ്ങള്‍ക്ക് അധ്യക്ഷത വഹിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് പടിയിറങ്ങും.  പൊതു- സ്വകാര്യ സ്വത്ത് നശിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ദീപക് മിശ്ര ഇന്ന് അവസാന വിധി പ്രഖ്യാപിക്കും. 

ദീപക് മിശ്രയുടെ അവസാന നാളുകളില്‍ നടത്തിയ വിധി ന്യായങ്ങളെ ചരിത്രപരമായാണ് വിലയിരുത്തുന്നത്. 2018 ഒക്ടോബര്‍ 2നാണ് കാലാവധി പൂര്‍ത്തിയാവുന്നതെങ്കിലും ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാല്‍ ഇന്നത്തോടെ സുപ്രീം കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസ് പടിയിറങ്ങും.2017 ഓഗസ്റ്റ് 28ന് ജെ.എസ് ഖെഹാറിന്റെ പിന്‍ഗാമിയായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നത്. ഒഡീഷയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസായ മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. 

സുപ്രീംകോടതിയുടെ കീഴ്‌വഴക്കത്തിന് വിരുദ്ധമായി സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കുന്നുവെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് രാജ്യാമൊട്ടാകെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോഴ അഴിമതിയില്‍ ദീപക് മിശ്രയുടെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് ഇംപീച്ച്‌മെന്റിന് ആധാരമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആരോപണം.

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന സെക്ഷന്‍ 377 റദ്ദാക്കിയതും വിവാഹേതര ലൈംഗികബന്ധം കുറ്റകരമായി കണ്ടിരുന്ന സെക്ഷന്‍ 497 റദ്ദാക്കിയതും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്.ആധാര്‍ കാര്‍ഡിന്റെ സാധുത സംബന്ധിച്ച നിര്‍ണായക വിധിയും, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയും  വിമര്‍ശകരുടെ പോലും അഭിനന്ദനം ദീപക് മിശ്ര ഏറ്റുവാങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com