ഞങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണോ ? മോദി സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം, ഡല്‍ഹിയില്‍ നിരോധനാജ്ഞ

യുപി അതിര്‍ത്തിയിലെത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. നഗരത്തില്‍ പൊലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്
ഞങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണോ ? മോദി സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം, ഡല്‍ഹിയില്‍ നിരോധനാജ്ഞ

ഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. യുപി-ഡല്‍ഹി അതിര്‍ത്തിയിലെത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. നഗരത്തില്‍ പൊലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. 

പ്രക്ഷോഭം കണക്കിലെടുത്ത് കിഴക്കന്‍ ഡല്‍ഹിയില്‍ ഈ മാസം എട്ടു വരെയും, വടക്കന്‍ ഡല്‍ഹിയില്‍ ഈ മാസം നാലുവരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും 10 വര്‍ഷം കഴിഞ്ഞ ട്രാക്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. 

സെപ്തംബര്‍ 23 ന് ഉത്തരാഖണ്ഡിലെ പതഞ്ജലിയില്‍ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഡല്‍ഹിയിലെ കിസാന്‍ ഘട്ടില്‍ മാര്‍ച്ച് അവസാനിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്. പ്രതിഷേധ മാര്‍ച്ച് തടഞ്ഞ പൊലീസ് നടപടിയെ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് ടിക്കായത്ത് ചോദ്യം ചെയ്തു. 

സമാധാനപരമായാണ് റാലി നടന്നത്. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ആരോട് പറയും. ഞങ്ങള്‍ പാകിസ്ഥാനിലേക്കോ, ബംഗ്ലാദേശിലേക്കോ  പോകണോ ? നരേഷ് ടിക്കായത്ത് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com