പന്ത്രണ്ടാംക്ലാസുകാരനെ പൊലീസ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

പന്ത്രണ്ടാംക്ലാസുകാരനെ പൊലീസ് ട്രെയിനില്‍ നിന്ന തള്ളിയിട്ടുകൊന്നു. ബിഹാറിലാണ് റയില്‍വെ പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: പന്ത്രണ്ടാംക്ലാസുകാരനെ പൊലീസ് ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ടുകൊന്നു. ബിഹാറിലാണ് റയില്‍വെ പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. റാഞ്ചി-പട്‌ന ജനശതാബ്ദി എക്‌സ്പ്രസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ട്രെയിന്‍ യാത്രികന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ
ചൊവ്വാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്. 

എന്നാല്‍ വെങ്കടേഷ് ശര്‍മ്മയെന്ന പന്ത്രണ്ടാംക്ലാസുകാരന്‍ മദ്യപിച്ചിരുന്നുവെന്നും പൊലീസിനെ കണ്ടപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നുവെന്നുമാണ് റയില്‍വെ പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ് പറയുന്നത്. ഇത് നിഷേധിച്ച് വെങ്കടേഷിന്റെ സഹയാത്രികനായിരുന്ന കൃഷ്ണ രംഗത്തെത്തി. കൃഷ്ണയെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ടിക്കറ്റുമായാണ് വെങ്കടേഷ് യാത്ര ചെയ്തതെന്നും എന്നാല്‍ പൊലീസ് പണം ആവശ്യപ്പെട്ടുവെന്നും വെങ്കടേഷിന്റെ സഹോദരന്‍ ഗൗരവ് പറയുന്നു. തന്റെ സഹോദരന്‍ ഒരുതരത്തിലുള്ള ദുശ്ശീലങ്ങളുമില്ല. അവന്‍ നല്ല സ്വഭാവമുള്ള ആളാണ്. ആരോടും തല്ലുകൂടാന്‍ പോകാറില്ല. വെങ്കടേഷിന് നീതി ലഭിക്കും വരെ കുടുംബം പോരാടുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. 

മരണം കഴിഞ്ഞ നാല് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗൗരവ് ചൂണ്ടിക്കാട്ടുന്നു. സഹോദരന്‍ മദ്യം കഴിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കും,അതുകൊണ്ടാണ് റിപ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com