ഇവിടെ ബിജെപിക്കാരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നു; വരുന്നവര്‍ സ്വന്തം റിസ്‌കില്‍ വരിക; മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് യുപിയിലെ കര്‍ഷകര്‍

ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജിന് പിന്നാലെ ബിജെപിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശ് ഗ്രാമത്തിലെ കര്‍ഷകര്‍
ഇവിടെ ബിജെപിക്കാരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നു; വരുന്നവര്‍ സ്വന്തം റിസ്‌കില്‍ വരിക; മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് യുപിയിലെ കര്‍ഷകര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജിന് പിന്നാലെ ബിജെപിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശ് ഗ്രാമത്തിലെ കര്‍ഷകര്‍. ഗ്രാമത്തിലേക്ക് കടക്കുന്ന ബിജെപിക്കാര്‍ 'സ്വന്തം റിസ്‌ക്കില്‍' പ്രവേശിക്കണം എന്ന് കര്‍ഷകര്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. അമ്രോഹ ജില്ലയിലെ റസല്‍പൂര്‍ മാഫി ഗ്രാമത്തിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കര്‍ഷക ഐക്യം വിജയിക്കട്ടെ, ബിജെപിയില്‍ നിന്നുള്ള ആളുകളെ ഈ ഗ്രാമത്തില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. നിങ്ങളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദികള്‍, കര്‍ഷക ഐക്യം വിജയിക്കട്ടേ- ബോര്‍ഡില്‍ പറയുന്നു. 

ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഈ ഗ്രാമത്തിലെ കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്. 

ഗാന്ധി ജയന്തി ദിനത്തില്‍ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടന്ന റാലിക്കെതിരെ പൊലീസ് കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. നിരവധി കര്‍ഷകരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ധാരാളംപേര്‍ക്ക് പരിക്കേറ്റു. 

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വൈദ്യുതിക്കും ഇന്ധനത്തിനും സബ്‌സിഡി അനുവദിക്കുക, 60 വയസിന് മേല്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com