മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന, പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി; അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

ചെന്നൈക്കടുത്ത് വേളാച്ചേരിയില്‍നിന്ന് കാണാതായ ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന, പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി; അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

ചെന്നൈ: ചെന്നൈക്കടുത്ത് വേളാച്ചേരിയില്‍നിന്ന് കാണാതായ ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) അറസ്റ്റിലായത്.മുലപ്പാല്‍ നല്‍കുമ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഉമ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. 

കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ചയാണ് അവര്‍ പരാതി നല്‍കിയത്. കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോള്‍ കണ്ടില്ലെന്നുമായിരുന്നു പരാതി.സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പുലര്‍ച്ചെ റോഡിലൂടെ ഒരു സ്ത്രീ നടന്നുപോകുന്നതായി കണ്ടെത്തി. ഇതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് വേളാച്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വേലുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് അത് ഉമയാണെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചു. പ്രസവത്തിനുശേഷം ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഉമ പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവിനോട് പലതവണ പരാതിപ്പെട്ടുവെങ്കിലും ഗൗനിച്ചില്ല. അതോടെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ സമീപത്തെ തടാകത്തില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചുവന്ന ഇവര്‍ പിന്നീട് എല്ലാവര്‍ക്കുമൊപ്പം കുട്ടിയെ തിരയാനും പോയിരുന്നു. അറസ്റ്റിലായ ഉമയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com