'വീരപ്പനെ പിടിക്കാന്‍ സഹായിച്ചു, എന്റെ പ്രതിഫലമെവിടെ?'; ഓപ്പറേഷനില്‍ പങ്കെടുത്ത യുവതി രംഗത്ത്

കൊയമ്പത്തൂരിലെ വടവള്ളിയിലെ എം. ഷണ്‍മുഖപ്രിയയെ 2004 ല്‍ സെന്താമരൈ കണ്ണനാണ് ഓപ്പറേഷന്‍ നോര്‍ത്തേണ്‍ സ്റ്റാറിലേക്ക് റിക്രൂട്ട് ചെയ്യുന്നത്
'വീരപ്പനെ പിടിക്കാന്‍ സഹായിച്ചു, എന്റെ പ്രതിഫലമെവിടെ?'; ഓപ്പറേഷനില്‍ പങ്കെടുത്ത യുവതി രംഗത്ത്

ചെന്നൈ; 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാട്ടുകള്ളന്‍ വീരപ്പനെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വെടിവെച്ചു കൊല്ലുന്നത്. വളരെ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയായിരുന്നു കെ.വിജയകുമാര്‍, എന്‍.കെ. സെന്താമരൈ കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സേന വീരപ്പനെ വകവരുത്തിയത്. എന്നാല്‍ ഇപ്പോള്‍ വീരപ്പ വേട്ടയ്ക്ക് ഇറങ്ങിയതിന് പ്രതിഫലം ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊയമ്പത്തൂര്‍ സ്വദേശിയായ യുവതി. 

വീരപ്പനെ പിടിക്കാനുള്ള ഓപ്പറേഷനില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവര്‍. തനിക്ക് നല്‍കാമെന്ന് പറഞ്ഞ പ്രതിഫലത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. കൊയമ്പത്തൂരിലെ വടവള്ളിയിലെ എം. ഷണ്‍മുഖപ്രിയയെ 2004 ല്‍ സെന്താമരൈ കണ്ണനാണ് ഓപ്പറേഷന്‍ നോര്‍ത്തേണ്‍ സ്റ്റാറിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയിലൂടെ അദ്ദേഹത്തെ പിടിക്കാനുള്ള പ്രത്യക സംഘമായിരുന്നു അത്. എസ്ടിഎഫിന്റെ തന്ത്രങ്ങളുടെ ഭാഗമായി മുത്തുലക്ഷ്മിയെ കുറച്ച് നാള്‍ ഷണ്‍മുഖപ്രിയയുടെ വീട്ടില്‍ വാടകയ്ക്ക് താമസിപ്പിച്ചു. ആ നാല് മാസം കൊണ്ട് മുത്തുലക്ഷ്മിയോട് അടുത്ത ഷണ്‍മുഖപ്രിയ വീരപ്പനുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇവരില്‍ നിന്ന് ചോര്‍ത്തിയെടുത്തു. അത് ഷണ്‍മുഖപ്രിയ എസ്ടിഎഫിന് കൈമാറി. ഭാര്യയെ കാണാന്‍ എത്തുന്ന വീരപ്പനെ കീഴടക്കാനായിരുന്നു സേനയുടെ പദ്ധതി. എന്നാല്‍ ഇത് പരാജയപ്പെട്ടു. 

വീരപ്പന്റെ മോശം ആരോഗ്യം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചശക്തി, കാട്ടില്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്നീ വിവരങ്ങള്‍ കൈമാറിയത് താനാണെന്നാണ് ഷണ്‍മുഖപ്രിയ പറയുന്നത്. ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി താന്‍ തന്റെ ജീവിതം അപകടത്തിലാക്കിയെന്നും അവര്‍ പറഞ്ഞു. വീരപ്പന്റേയും നാല് സഹായികളുടെയും മരണത്തോടെ 2004 ല്‍ ഓപ്പറേഷന്‍ കൊക്കൂണ്‍ അവസാനിച്ചു. എസ്ടിഎഫിലെ ഉന്നതര്‍ തനിക്ക് പാരിതോഷികം നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ അധ്വാനത്തിന് ദുഖവും ചീത്തപ്പേരുമാണ് ലഭിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് അവര്‍ വ്യക്തമാക്കി. 

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതുന്നത്. ഇപ്പോള്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് പൊലീസിന്റെ ഓഫീസില്‍ പെന്‍ഡിങ്ങില്‍ കിടക്കുകയാണ് അപേക്ഷ. ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ സെന്താമരൈ കണ്ണന്‍ ഷണ്‍മുഖപ്രിയയുടെ പങ്കാളിത്തത്തെക്കുറിച്ച് ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അവസാനത്തെ ഓപ്പറേഷനില്‍ പങ്കെടുത്തവരെ മാത്രമാണ് പാരിതോഷികത്തില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ഇവര്‍ പറയുന്നത്. 

വീരപ്പനെ പിടിക്കാന്‍ ഞങ്ങള്‍  നിരവധി ഓപ്പറേഷന്‍ നടത്തി. അതില്‍ എല്ലാം വിജയിച്ചില്ല. അതിലൊന്നിലാണ് ഷണ്‍മുഖപ്രിയ ഉള്‍പ്പെട്ടിരുന്നത്. ഓപ്പറേഷന് വേണ്ടി വളരെ വിലമതിപ്പുള്ള വിവരങ്ങളാണ് നല്‍കിയത് എന്നും സെന്താമരൈ കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com