ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുടെ സൈക്കിള്‍ യാത്ര; പ്രതിഷേധം കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ !

ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഡല്‍ഹി സര്‍ക്കാര്‍ ഇന്ധന വില  കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സൈക്കിള്‍ യാത്ര
ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുടെ സൈക്കിള്‍ യാത്ര; പ്രതിഷേധം കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ !

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഡല്‍ഹി സര്‍ക്കാര്‍ ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സൈക്കിള്‍ യാത്ര. പെട്രോള്‍, ഡീസല്‍ വില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ അത് കുറയ്ക്കുന്നതിനായി ഇവയ്ക്ക് ഏര്‍പ്പെടുത്തിയ വാറ്റ് (മൂല്യവര്‍ധിത നികുതി) എടുത്തുകളഞ്ഞ് ഇന്ധന വില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദമന്ത്രിയുടെ സൈക്കിളില്‍ യാത്ര ചെയ്തുള്ള പ്രതിഷേധം. ഡല്‍ഹിയിലെ പഹര്‍ഗഞ്ജിലാണ് പ്രതിഷേധം അരങ്ങേറിയത്. 

ഇന്ധന വില ഉയര്‍ന്ന് ജനജീവിതം ദുഃസഹമാകുന്നത് ഡല്‍ഹി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വിലകളിലുള്ള മൂല്യവര്‍ധിത നികുതി ഒഴിവാക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി വ്യക്തമാക്കി. 

വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2.50 രൂപ കുറയ്ക്കുകയുണ്ടായി. കേജ്‌രിവാള്‍ സര്‍ക്കാരും വാറ്റ് എടുത്തുകളഞ്ഞാല്‍ കുറഞ്ഞത് അഞ്ച് രൂപ വരെ ഡല്‍ഹിയിലെ ഇന്ധന വിലയില്‍ മാറ്റമുണ്ടാകും. പെട്രോള്‍, ഡീസല്‍ ഇനത്തില്‍ 29 രൂപയോളമാണ് സര്‍ക്കാര്‍ വാറ്റ് ചുമത്തുന്നതെന്നും വിജയ് ഗോയല്‍ പറഞ്ഞു. 

വൈദ്യുതി, വെള്ളം എന്നിവയ്ക്കും സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനെതിരേയും കൂടിയാണ് പ്രതിഷേധമെന്നും മന്ത്രി പറയുന്നു. 

സമാന ആവശ്യം ഉന്നയിച്ച് വിജയ് ഗോയല്‍ ചാന്ദ്‌നി ചൗക്കില്‍ കാളവണ്ടി ഓടിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com