വീണ്ടും അമേരിക്കന്‍ ഉപരോധഭീഷണി തളളി ഇന്ത്യ; ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ 

ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു
വീണ്ടും അമേരിക്കന്‍ ഉപരോധഭീഷണി തളളി ഇന്ത്യ; ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉപരോധ ഭീഷണി തളളി ഇന്ത്യ. ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. അടുത്തിടെ, അമേരിക്കന്‍ ഭീഷണി തളളി റഷ്യയില്‍ നിന്നും മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി തുടരുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

നവംബര്‍ നാലുമുതല്‍ ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്കന്‍ നീക്കം. രാജ്യത്തിന്റെ ആവശ്യകതയുടെ 80 ശതമാനം അസംസ്‌കൃത എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയില്‍ നല്ലൊരു പങ്ക് ഇറാനില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര ആവശ്യകത മുന്‍നിര്‍ത്തി ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതിയുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

നവംബറിലും ഇന്ത്യയിലെ എണ്ണ വിതരണ കമ്പനികള്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തര ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ഇതിനോടകം തന്നെ നവംബറില്‍ എണ്ണ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ എണ്ണ വിതരണ കമ്പനികള്‍ ഇറാനെ സമീപിച്ചതായും മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ എണ്ണ ആവശ്യകത ലോകരാജ്യങ്ങള്‍ക്ക് ബോധ്യമാകുമെന്നും ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോക ഊര്‍ജ്ജ ഉച്ചക്കോടിയുടെ ഭാഗമായി ധര്‍മ്മേന്ദ്ര് പ്രധാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഒന്നര രൂപയുടെ കുറവാണ് വരുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com