ക്ലാസില്‍ കുട്ടികളെ ഹിന്ദുക്കളും മുസ്ലീങ്ങളുമായി വേര്‍തിരിച്ച് ഇരുത്തി; പ്രതിഷേധവുമായി അധ്യാപകര്‍, അന്വേഷണത്തിന് ഉത്തരവ്

നഗരത്തിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികളെ ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് ഇരുത്തി പഠിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നഗരത്തിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികളെ ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് ഇരുത്തി പഠിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വസീറാബാദിലെ പ്രൈമറി സ്‌കൂളിനെതിരെയാണ് വര്‍ഗീയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഒന്നാം ക്ലാസില്‍ സെഷന്‍ എ, ബി എന്നിങ്ങനെ തരംതിരിച്ചാണ് ഹിന്ദുക്കളും മുസ്ലീങ്ങളുമായ കുട്ടികളെ ഇരുത്തിയിരിക്കുന്നത്. എ ഡിവിഷനില്‍ 26 ഹിന്ദു കുട്ടികളാണ് പഠിക്കുന്നത്. ബി ഡിവിഷനില്‍ 36 മുസ്ലീം കുട്ടികള്‍ പഠിക്കുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രിന്‍സിപ്പല്‍ മാറി പുതിയ ആള്‍ ചാര്‍ജ് എടുത്തതിന് പിന്നാലെയാണ് ഇത്തരത്തിലുളള മാറ്റങ്ങളെന്ന് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയമിച്ച അധ്യാപകരില്‍ ചിലര്‍ ആരോപിക്കുന്നു.എന്നാല്‍ ഇത് മനപൂര്‍വ്വമല്ലെന്നാണ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന സി ബി സിങ് ശെഹറാവദ് പറയുന്നത്. മറ്റു സ്‌കൂളുകളിലെ പോലെ വിവിധ ഡിവിഷനുകളിലേക്ക് കുട്ടികളെ കൂട്ടികലര്‍ത്തി ഇരുത്തുന്ന നടപടി മാത്രമാണ് സ്വീകരിച്ചതെന്നും അധികൃതര്‍ പറയുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിന്റെയും ഭാഗമായിട്ടാണ് നടപടി. ഇത്തരം മാറ്റങ്ങള്‍ മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരമാണെന്നും ശെഹറാവദ് പറഞ്ഞു.

ചില കുട്ടികള്‍ സസ്യാഹാരികളാണ്. മറ്റു ചിലര്‍ നോണ്‍ വെജിറ്റേറിയനും. അങ്ങനെവരുമ്പോള്‍ കുട്ടികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഏറെയാണ്. കുട്ടികളുടെയും അധ്യാപകരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇത്തരം മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു

മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ ഒരു വിഭാഗം അധ്യാപകര്‍ പ്രതിഷേധത്തിലാണ്. ഇവരോട് ഏല്‍പ്പിച്ച ജോലി ചെയ്യാനാണ് മാനേജ്‌മെന്റ് പറയുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം സത്യമാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വിദ്യാഭ്യാസവിഭാഗം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com