തിത്‌ലി ഉഗ്രരൂപിണിയാവുന്നു, ഒഡീഷയുടെ തീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച തിത്‌ലി കഴിഞ്ഞ ആറ് മണിക്കൂര്‍ കൊണ്ടാണ് ഗോപാല്‍പൂറിന് 280
തിത്‌ലി ഉഗ്രരൂപിണിയാവുന്നു, ഒഡീഷയുടെ തീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റ് 'തിത്‌ലി' അതിശക്തിയാര്‍ജ്ജിച്ചതോടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ നിന്ന് ത്വരിതഗതിയില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. അഞ്ച് തീരദേശ ജില്ലകളിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 ഓടെ തിത്‌ലി ഗോപാല്‍പൂരില്‍ വീശിയടിക്കുമെന്നാണ് കരുതുന്നത്. ആയിരത്തിലധികം പേരെ ഗോപാല്‍പൂര്‍ തീരത്ത് നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 

 തിത്‌ലിയോടൊപ്പം കൂറ്റന്‍ തിരമാലകളും തീരപ്രദേശങ്ങളില്‍ ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി പരമാവധി സഹകരിക്കണമെന്നും അധകൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജനങ്ങളോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും പരിഭ്രാന്തരാകേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച തിത്‌ലി കഴിഞ്ഞ ആറ് മണിക്കൂര്‍ കൊണ്ടാണ് ഗോപാല്‍പൂറിന് 280 കിലോമീറ്റര്‍ അടുത്തെത്തിയത്.

ഒഡീഷയുടെ വടക്ക്-വടക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുന്ന തിത്‌ലി ഗോപാല്‍പൂറിനും കലിംഗപട്ടണത്തിനും ഇടയിലേക്ക് വ്യാഴാഴ്ച എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഗഞ്ചാം, ഗജാപട്ടി, പുരി, ജഗദ്‌സിങ്പൂര്‍, കെന്ദ്രാപാറ, ഖുദ്രാ, ന്യായഗഡ്, കട്ടക്ക്, ജയ്പൂര്‍, ഭദ്രക്, ബാലസോര്‍ എന്നിവിടങ്ങളിലും മഴയോ അതിശക്തിയേറിയ മഴയ്‌ക്കോ സാധ്യതയുണ്ട്. മണിക്കൂറില്‍ 104 -150 കിലോമീറ്റര്‍ വേഗതയിലെത്തുന്ന കാറ്റ് ഒഡീഷയില്‍ കടക്കുന്നതോടെ മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയാര്‍ജ്ജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രക്ഷാപ്രവര്‍ത്തനത്തിനായി 300 മോട്ടോര്‍ ബോട്ടുകളും മറ്റ് ദുരന്തനിവാരണ വസ്തുക്കളും സജ്ജമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 836 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com