റഫാലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ; ഇടപാടിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് സുപ്രിംകോടതി

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മാസം 29 നകം മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു 
റഫാലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ; ഇടപാടിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ സുപ്രിംകോടതിയുടെ നിര്‍ണായ ഇടപെടല്‍. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ മാസം 29 നകം മുദ്രവെച്ച കവറില്‍ ഹാജരാക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു. 

ഫ്രാന്‍സുമായുള്ള റഫേല്‍ യുദ്ധ വിമാന കരാറില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നെന്ന് ആരോപിച്ച് അഭിഭാഷകനായ അഡ്വ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

എന്തുകൊണ്ടാണ് ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. റഫാല്‍ ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം കേസില്‍ എതിര്‍കക്ഷിയായി ചേര്‍ത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. കേസില്‍ എതിര്‍കക്ഷിക്ക് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചാല്‍ അത് ലഭിക്കുക പ്രധാനമന്ത്രിക്കായിരിക്കും. അതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ഇത് തെരഞ്ഞെടുപ്പ് കാലമാണ്. അതുകൊണ്ട് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് കേസ് കോടതിക്ക് മുന്നില്‍ എത്തിച്ചതെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഇടപാടിന്റെ വിശദാംശങ്ങള്‍ കോടതിക്ക് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. നോട്ടീസ് അയക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കോടതി സ്വീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com