മീ ടൂവില്‍ കുടുങ്ങി അക്ബര്‍ പുറത്തേക്ക്? ; വിദേശ സന്ദര്‍ശനം റദ്ദാക്കി തിരികെ എത്താന്‍ കേന്ദ്രമന്ത്രിക്ക് മോദിയുടെ നിര്‍ദേശം, രാജി ഉണ്ടായേക്കുമെന്ന് സൂചന

അക്ബര്‍ മന്ത്രിയായി തുടരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മോശമാണെന്ന് ബിജെപിയിൽ അഭിപ്രായം 
മീ ടൂവില്‍ കുടുങ്ങി അക്ബര്‍ പുറത്തേക്ക്? ; വിദേശ സന്ദര്‍ശനം റദ്ദാക്കി തിരികെ എത്താന്‍ കേന്ദ്രമന്ത്രിക്ക് മോദിയുടെ നിര്‍ദേശം, രാജി ഉണ്ടായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : ലൈംഗികാരോപണത്തില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്. നൈജീരിയയില്‍ വിദേശപര്യടനം നടത്തുന്ന മന്ത്രി അക്ബറിനോട്, സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ ഡല്‍ഹിയില്‍ തിരിച്ചെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ എതാനും വനിതാ മാധ്യമപ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്. 

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അക്ബറില്‍ നിന്നും വിശദീകരണം തേടും. ഇതിനു പിന്നാലെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ലൈംഗികാരോപണം നേരിടുന്ന അക്ബറിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നതില്‍ ബിജെപിയിലും ഭിന്നതയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ലൈംഗികാരോപണം നേരിടുന്നയാളെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അക്ബര്‍ മന്ത്രിയായി തുടരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മോശമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി മേനക ഗാന്ധി ഇന്നലെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ ബിജെപി നേതാക്കളോ, മറ്റ് കേന്ദ്രമന്ത്രിമാരോ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

ഇന്ത്യയിൽ വ്യാപകമാകുന്ന മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി പത്രപ്രവർത്തക പ്രിയ രമണിയാണ് അക്ബറിനെതിരേ ആദ്യം ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെ അക്ബറിനെതിരേ ആരോപണവുമായി ഇന്നലെ കൂടുതൽ സ്ത്രീകളെത്തി. മാധ്യമപ്രവർത്തകരായ കനിക ഗെഹ്‌ലോത്, സുപർണ ശർമ, ശുതാപ പോൾ, ഗസാല വഹാബ് എന്നിവരാണ് പലപ്പോഴായി അക്ബറിൽനിന്ന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന് ആരോപിച്ചത്. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി എം.ജെ. അക്ബറിന്റെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com