വ്യാജ ഇന്‍ഷുറന്‍സ് പൊളിസിയുടെപേരില്‍ എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ്; പത്തുമാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ രണ്ടുപേര്‍ അറസ്റ്റില്‍ 

ഒമ്പത് മൊബൈല്‍ ഫോണുകളും പതിനൊന്ന് സിം കാര്‍ഡുകളും രണ്ട് ലാപ്‌ടോപ്പുകളും പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
വ്യാജ ഇന്‍ഷുറന്‍സ് പൊളിസിയുടെപേരില്‍ എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ്; പത്തുമാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ രണ്ടുപേര്‍ അറസ്റ്റില്‍ 

ന്യൂഡല്‍ഹി: വ്യാജ ഇന്‍ഷുറന്‍സ് പോളിസിയുടെ പേരില്‍ പഞ്ചാബ് സ്വദേശിയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. അങ്കിത് കുമാര്‍(24), രാഹുല്‍ ബന്‍സാല്‍(24) എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബ് സ്വദേശിയായ രമേഷ് ചന്ദേര്‍ നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. 

2015 ഒക്ടോബര്‍ മുതലാണ് രമേഷിന് വ്യത്യസ്ത മൊബൈല്‍ നമ്പറുകളില്‍ നിന്ന് ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകള്‍ ലഭിച്ചുതുടങ്ങിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ കസ്റ്റമര്‍ റിലേഷന്‍സ് വിഭാഗത്തില്‍ നിന്നാണ് വിളിക്കുന്നതെന്നുപറഞ്ഞായിരുന്നു ഇവര്‍ അഭിസംബോധന ചെയ്തിരുന്നത്. 8,86,000രൂപ ഏഴ് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി ഡെപ്പോസിറ്റ് ചെയ്താല്‍ രണ്ട് കോടി ഇരുപത് ലക്ഷത്തിന്റെ ആജീവനാന്ത ഇന്‍ഷുറന്‍സ് പോളിസി രമേഷിന് ലഭിക്കുമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. 

അന്വേഷണത്തിനിടയില്‍ പണം നിക്ഷേപിച്ച ഏഴ് ബാങ്ക് അക്കൗണ്ടുകളില്‍ അഞ്ചെണ്ണം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ളവയാണെന്ന് കണ്ടെത്തി. രമേഷിനെ വിളിക്കാനായി ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും വ്യാജമായിരുന്നു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം അങ്കിത്, രാഹുല്‍ എന്നിവരിലേക്ക് എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പത്ത് മാസത്തിന് ശേഷമാണ് പ്രതികള്‍ പിടിക്കപ്പെടുന്നത്. ഒമ്പത് മൊബൈല്‍ ഫോണുകളും പതിനൊന്ന് സിം കാര്‍ഡുകളും രണ്ട് ലാപ്‌ടോപ്പുകളും പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com