വല്ലഭായ് പട്ടേലിന്റെ ശില്‍പ്പത്തിന് ചുവട്ടില്‍ ആര്‍എസ്എസിനെ നിരോധിച്ച് അദ്ദേഹമിറക്കിയ ഉത്തരവ് കൂടി വയ്ക്കണം- കോണ്‍ഗ്രസ്

ഗുജറാത്തില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ശില്‍പ്പത്തിന് ചുവട്ടില്‍ അദ്ദേഹം ആര്‍എസ്എസിനെ നിരോധിച്ച് പുറപ്പെടുവിച്ച ഉത്തരവു കൂടി വയ്ക്കണമെന്ന് കോണ്‍ഗ്രസ് 
വല്ലഭായ് പട്ടേലിന്റെ ശില്‍പ്പത്തിന് ചുവട്ടില്‍ ആര്‍എസ്എസിനെ നിരോധിച്ച് അദ്ദേഹമിറക്കിയ ഉത്തരവ് കൂടി വയ്ക്കണം- കോണ്‍ഗ്രസ്

പൂനെ: ഗുജറാത്തില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ശില്‍പ്പത്തിന് ചുവട്ടില്‍ അദ്ദേഹം ആര്‍എസ്എസിനെ നിരോധിച്ച് പുറപ്പെടുവിച്ച ഉത്തരവു കൂടി വയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. 

ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന് കീഴില്‍, 1948ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ച് പുറപ്പെടുവിച്ച ഉത്തരവു കൂടി വയ്ക്കണമെന്നാണ് ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിക്ക് അവരെപ്പറ്റിയുള്ള അഭിപ്രായമെന്തെന്ന് ജനങ്ങള്‍ക്കു മനസ്സിലാകാന്‍ അതു സഹായിക്കുമെന്നും ആര്‍എസ്എസിന്റെ പേരെടുത്തു പറയാതെ ശര്‍മ പറഞ്ഞു. പൂനെയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആര്‍എസ്എസിനും ബിജെപിക്കും സ്വന്തം ഹീറോകളില്ല. അതുകൊണ്ടാണ് അവര്‍ പട്ടേലിന്റെ ഏകതാ ശില്‍പ്പം നിര്‍മിക്കുന്നത്. അതിന്റെ നിര്‍മാണമാകട്ടെ ചൈനയിലുമാണ്. ഗാന്ധിജിയുടെ വധത്തെ തുടര്‍ന്നാണ് 1948ല്‍ പട്ടേല്‍ നിരോധന ഉത്തരവിറക്കിയത്. അത് ശില്‍പ്പത്തിന്റെ കാല്‍ക്കല്‍ വയ്ക്കണം. അദ്ദേഹം അവരെപ്പറ്റി എന്താണു ചിന്തിച്ചിരുന്നതെന്ന് അതോടെ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് ആനന്ദ് ശര്‍മ വ്യക്തമാക്കി. 

അതേസമയം പട്ടേല്‍ അന്നിറക്കിയ നിരോധന ഉത്തരവ് പിന്നീട് പിന്‍വലിച്ചിരുന്നു. 

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനമായ ഒക്ടോബര്‍ 31നാണ് പ്രതിമ ഉദ്ഘാടനം ചെയ്യുന്നത്. 182 മീറ്റര്‍ ഉയരത്തില്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധുബേട് ദ്വീപില്‍ പട്ടേല്‍ സ്മാരകം ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതി എന്ന നിലയില്‍ നേരത്തെ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതാണ് ഐക്യ ശില്‍പ്പം. 2013ല്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണു തറക്കല്ലിട്ടത്.

ശില്‍പത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത് പ്രമുഖ ശില്‍പി റാം വി സുതര്‍. 33,000 ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ 'ഉരുക്കുമനുഷ്യന്റെ' പ്രതിമ തീര്‍ക്കുന്നത്. ശില്‍പ്പത്തിന് അനുബന്ധമായി പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ്, സൗണ്ട് ഷോ, 500 അടി ഉയരത്തില്‍ നിന്ന് സര്‍ദാര്‍ സരോവര്‍ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 3000 കോടിയോളം രൂപ മുടക്കിയാണ് പദ്ധതി നിലവില്‍ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com