മീടൂ; ലൈംഗികാതിക്രമം തുറന്നുപറഞ്ഞതിന് രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലെ ജീവനക്കാരിയെ പുറത്താക്കി

രാജീവ് ചന്ദ്രശേഖരന്റെ അടുത്ത ആളായ അഭിനവ് ഖാരെ തന്നോട് മോശമായി പെരുമാറി എന്ന ആരോപണവുമായി കഴിഞ്ഞ ആഴ്ചയാണ് യുവതി രംഗത്തെത്തിയത്
മീടൂ; ലൈംഗികാതിക്രമം തുറന്നുപറഞ്ഞതിന് രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലെ ജീവനക്കാരിയെ പുറത്താക്കി

ന്യൂഡല്‍ഹി; ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡന വിവരം പുറത്തുപറഞ്ഞതിന് ജോലിയില്‍ നിന്ന് പുറത്താക്കി. ഏഷ്യാനെറ്റിന്റെ സിഒഒ ആയ അഭിനവ് ഖാരെയ്ക്ക് എതിരെ പരാതി നല്‍കിയ സോനം മഹാജന്‍ എന്ന യുവതിക്കാണ് ജോലി നഷ്ടമായത്. 

ബാംഗളൂരിലെ ഓഫീസില്‍ സ്ട്രാറ്റജി കണ്‍സല്‍ട്ടന്റായി ജോലി നോക്കുകയായിരുന്നു സോനം. രാജീവ് ചന്ദ്രശേഖരന്റെ അടുത്ത ആളായ അഭിനവ് ഖാരെ തന്നോട് മോശമായി പെരുമാറി എന്ന ആരോപണവുമായി കഴിഞ്ഞ ആഴ്ചയാണ് യുവതി രംഗത്തെത്തിയത്. ഇതോടെയാണ് സോനത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

2017 ഒക്‌റ്റോബറിലാണ് ചന്ദ്രശേഖരന്റെ ഓഫീസില്‍ ഒരു വര്‍ഷത്തെ കരാറില്‍ സോനം ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിന് ശേഷം നവംബര്‍ 16 ന് ഖാരെയുടെ ഭാഗത്തുനിന്ന് മോശം സമീപനമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക അതിക്രമണത്തിന് എതിരേ സോനം പരാതി നല്‍കുകയായിരുന്നു. ചന്ദ്രശേഖരന് നേരിട്ടാണ് യുവതി പരാതി നല്‍കിയത്. ഇതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. അവസാനം ഡിസംബര്‍ ഒന്നിന് ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. 

90 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ ആറ് മാസം വേണ്ടിവന്നു അന്വേഷണം അവസാനിപ്പിക്കാന്‍. സോനത്തിന്റെ ആരോപണങ്ങള്‍ സത്യമെന്ന് തെളിയിക്കുന്നതായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെ തുടര്‍ന്ന് അഭിനവിന് എതിരേ നടപടികളൊന്നുമുണ്ടായില്ല. സെപ്റ്റംബര്‍ ആവസാനം നടപടി എടുക്കാത്തത് എന്താണെന്ന് ചോദിചിച്ച് സോനം മാനേജ്‌മെന്റിനെ സമീപിച്ചു. ആപ്പോഴും അനുകൂലമായ മറുപടി ലഭിച്ചില്ല.

തുടര്‍ന്നാണ് മീടൂ മൂവ്‌മെന്റ് ശക്തമായതിന് പിന്നാലെ തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ചും രാജീവ് ചന്ദ്രശേഖരന്റെ നിശബ്ദതയെക്കുറിച്ചും സോനം മഹാജന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്. അതിക്രമം തുറന്നു പറഞ്ഞതോടെയാണ് യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ കരാര്‍ അവസാനിക്കുന്നതിന്റെ ഭാഗമായാണ് ജോലിയില്‍ പിരിച്ചുവിടുന്നത് എന്നാണ് ചന്ദ്രശേഖരന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com