മീ ടൂ വെളിപ്പെടുത്തല്‍; എം ജെ അക്ബര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവച്ചു

മുന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന എം ജെ അക്ബര്‍ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ലൈംഗികമായി ആക്രമിക്കുകയും വിസമ്മതിച്ചതിന് മാനസികമായും തൊഴില്‍പരമായും പീഡിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു വനിതാ മാധ്യമപ്രവര്‍ത്
മീ ടൂ വെളിപ്പെടുത്തല്‍; എം ജെ അക്ബര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു. 19 വനിതാ മാധ്യമപ്രവര്‍ത്തകര്‍ മീ ടൂ ക്യാമ്പെയിനിലൂടെ അക്ബര്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാജി.

മുന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന എം ജെ അക്ബര്‍ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ലൈംഗികമായി ആക്രമിക്കുകയും വിസമ്മതിച്ചതിന് മാനസികമായും തൊഴില്‍പരമായും പീഡിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു വനിതാ മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്.  

ആരോപണം ശക്തമായതോടെ രാജി വയ്ക്കുന്നതിന് എം ജെ അക്ബറിന് മേല്‍ സമ്മര്‍ദ്ദമേറിയിരുന്നുവെങ്കിലും തന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ശ്രമമാണിതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എം ജെ അക്ബര്‍ വാദിച്ചിരുന്നു. രാജി വയ്ക്കില്ലെന്ന തീരുമാനമാണ് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം സ്വീകരിച്ചിരുന്നത്.  ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തനിക്കെതിരെ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു. 

കേന്ദ്ര മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. അക്ബറിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും പ്രതിപക്ഷത്തിന് ആക്രമിക്കാന്‍ അവസരം നല്‍കുമെന്ന വാദം ശക്തമായതോടെയാണ് വിദേശകാര്യ സഹമന്ത്രി പദവിയില്‍ നിന്നും എം ജെ അക്ബറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കേന്ദ്രമന്ത്രിമാരായ മേനക ഗാന്ധി, സ്മൃതി ഇറാനി എന്നിവര്‍ അക്ബറിനെതിരെ പരസ്യപ്രതികരണവും നടത്തിയിരുന്നു. 
ദീര്‍ഘകാലം പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളുടെ പത്രാധിപരായി പ്രവര്‍ത്തിച്ച ശേഷമാണ് മൊബഷര്‍ ജാവേദ് അക്ബര്‍ എന്ന എംജെ അക്ബര്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1989 ലും 91 ലും കോണ്‍ഗ്രസ് എംപിയായി പാര്‍ലമെന്റിലേക്കെത്തി. 2014 ല്‍ ബിജെപിയിലേക്ക് മാറി. നിലവില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമാണ് എം ജെ അക്ബര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com